നീരജ് ചോപ്ര

സൂറിക് ∙ ജാവലിൻ ത്രോയിലെ ലോകചാംപ്യനും ഇന്ത്യൻ താരവുമായ നീരജ് ചോപ്ര, സ്വിസ് വിനോദ സഞ്ചാര ബ്രാൻഡ് അംബാസിഡർ പദവി ഏറ്റെടുത്തു. ഹോളിവുഡ് താരങ്ങളെ മാത്രം ഇതേവരെ ബ്രാൻഡ് അംബാസിഡർമാരാക്കിയിരുന്ന സ്വിസ് ടൂറിസം, നീരജ് ചോപ്രയിലൂടെ ഇന്ത്യൻ വിപണിയിലെ ഗെയിം ചെയ്ഞ്ചാണ് ലക്ഷ്യം വെക്കുന്നത്. പ്രകൃതി രമണീയതയും, മഞ്ഞും കാണാനായിരുന്നു പൊതുവെ ഇന്ത്യൻ ടൂറിസ്റ്റുകൾ സ്വിറ്റ്സർലൻഡിൽ എത്തിയിരുന്നത്. എന്നാൽ ടൂറിസത്തിനൊപ്പം സാഹസികതയും, വൈവിദ്ധ്യവും തേടുന്ന ഇന്ത്യൻ നവ ടൂറിസ്റ്റുകൾക്ക്, ചോപ്ര പ്രചോദനമാവുമെന്നാണ് സ്വിസ് ടൂറിസത്തിന്‍റെ പ്രതീക്ഷ.

വിവിധ രാജ്യാന്തര കായിക മേളകളിൽ പങ്കെടുക്കാനുള്ള സൗകര്യത്തിനും, മികച്ച പരിശീലനത്തിനും, വരുന്ന പാരിസ് ഒളിമ്പിക്‌സ് ലക്ഷ്യം വെച്ചും, വർഷത്തിലെ നല്ലൊരു ഭാഗം സ്വിറ്റ്സർലൻഡിൽ ചെലവിടുന്ന ആളാണ് നീരജ് ചോപ്ര. ബേണിലെ മാഗ് ലിങ്കനിലെ സ്വിസ് ദേശിയ സ്പോർട്സ് സെന്‍ററിലാണ് ചോപ്രയുടെ പരിശീലനത്തിന്‍റെ ഭൂരിഭാഗവും. ഇടവേളകളിൽ ഇവിടെ കയാക്കിങ്, മൗണ്ടൻ ബൈക്കിങ്, ട്രക്കിങ്‌, പാരാഗ്ലൈഡിങ്, സ്കൈഡൈവിങ്സ്‌ തുടങ്ങിയ വിനോദങ്ങളിലാണ് ജാവലിൻ ത്രോയിലെ ലോകചാംപ്യൻ. സ്‌കിയിങ് മാത്രം ഇനിയും ട്രൈ ചെയ്‌തിട്ടില്ല. സ്വിസിലെ സ്വകാര്യതയും, സൗഹൃദവും, വൃത്തിയും, പ്രകൃതി രമണീയതയും, ശാന്തതയും തന്നെ അങ്ങേയറ്റം ആകർഷിക്കുന്നതായും നീരജ് ചോപ്ര പറയുന്നു.

സ്വിസ് ടൂറിസത്തിന്‍റെ കണക്കുകൾപ്രകാരം ഹൈ സീസണ് തൊട്ടുമുമ്പുള്ള മെയ്, ജൂൺ മാസങ്ങളിലാണ് ഇന്ത്യൻ ടൂറിസ്റ്റുകൾ കൂടുതലായും എത്തുന്നത്. നിരക്കുകളിലെ ആനുകൂല്യം ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ആകർഷകമാവുമ്പോൾ, മറുവശത്തു ഇവർ പ്രി സീസൺ സജീവമാക്കുന്നു. വരുന്നവരിലെ 65 ശതമാനവും ഹോട്ടലിലാണ് തങ്ങുന്നത്. പോയവർഷം സ്വിറ്റ്സർലൻഡിലെ എട്ട് ലക്ഷത്തോളം ഹോട്ടൽ ദിനങ്ങളാണ് ഇന്ത്യൻ ടൂറിസ്റ്റുകളുടെ വിഹിതം.