ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന സ്പിന്നർ ആർ.അശ്വിൻ (Photo: X/ @BCCI)
വിശാഖപട്ടണം ∙ രണ്ടാം ടെസ്റ്റിന്റെ നാലാംദിനം ഇന്ത്യൻ സ്പിൻ ത്രയത്തിനു മുന്നിൽ വിയർത്ത് ഇംഗ്ലിഷ് ബാറ്റർമാർ. നാലാംദിനം ആദ്യ സെഷനില്‍ വീണ അഞ്ചിൽ നാലു വിക്കറ്റും സ്പിന്നര്‍മാർ സ്വന്തമാക്കിയതോടെ തകർച്ചയുടെ വക്കിലാണ് ഇംഗ്ലണ്ട്. ഇന്ത്യയുയർത്തിയ 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം സെഷനിൽ 8ന് 275 എന്ന നിലയിലാണ്. ജയിക്കാൻ അവർക്ക് 124 റൺസ് കൂടി വേണം. ഇന്ത്യയ്ക്ക് 3 വിക്കറ്റും! ബെൻ ഫോക്സും ടോം ഹാർട്‌ലിയുമാണ് ക്രീസിൽ.
നാലാം ദിനം 1ന് 67 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 28 കൂട്ടിച്ചേര്‍ക്കുന്നതിനിടെ രഹാൻ അഹമ്മദിന്റെ വിക്കറ്റ് നഷ്ടമായി. 23 റൺസ് നേടിയ താരത്തെ അക്ഷർ പട്ടേൽ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ഒലി പോപ്പിനേയും (23) ജോ റൂട്ടിനേയും (16) അശ്വിൻ മടക്കി. അർധ സെഞ്ചറി നേടിയ സാക് ക്രൗളിയെ (73) കുൽദീപ് യാദവ് വിക്കറ്റിനു മുന്നിൽ കുരുക്കി. സമാന രീതിയിൽ ജോണി ബെയർസ്റ്റോ (26) ജസ്പ്രീത് ബുമ്രയുടെ പന്തിൽ പുറത്തായി. 11 റൺസ് നേടിയ ബെന്‍ സ്റ്റോക്സ് റണ്ണൗട്ടായി. ശ്രേയസ് അയ്യരുടെ നേരിട്ടുള്ള ത്രോയിലാണ് താരം പുറത്തായത്.
ഞായറാഴ്ച ശുഭ്മൻ ഗില്ലിന്റെ സെഞ്ചറി പ്രകടനത്തോടെയാണ് ഇന്ത്യ മികച്ച ലീഡുയര്‍ത്തിയത്. 147 പന്തുകളിൽനിന്ന് 104 റൺസാണ് താരത്തിന്റെ സംഭാവന. അക്ഷർ പട്ടേൽ (45) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാഞ്ഞതോടെ ഇന്ത്യ 255ന് റത്താവുകയായിരുന്നു. ഇംഗ്ലണ്ടിനായി ടോം ഹാർട്‌ലി നാലും രഹാൻ അഹമ്മദ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
