മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അഞ്ചാം ദിവസം കേന്ദ്ര ഏജൻസികൾ കരിമണൽ കമ്പനി ഓഫിസിൽ റെയ്ഡിനെത്തി. എക്സാലോജിക് കമ്പനിയുടെ ധനസ്രോതസ്സുമായി ബന്ധപ്പെട്ടാണ് കരിമണൽ കമ്പനിയായ സിഎംആർഎലിന്റെ ആലുവയിലുള്ള കോർപറേറ്റ് ഓഫിസിൽ റെയ്‍ഡ് നടക്കുന്നത്. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ സീരിയസ്‍ ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന റെയ്ഡിൽ ഇ.ഡി സംഘവും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 9 മുതൽ റെയ്ഡ് നടത്തുന്നത്.

മകൾ കമ്പനി തുടങ്ങിയത് ഭാര്യയുടെ അമ്മ നൽകിയ പണം ഉപയോഗിച്ചാണെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ച് അധിക ദിവസമാകും മുൻപാണ് എസ്എഫ്ഐഒ റെയ്ഡിന് എത്തിയത്. എക്സാലോജിക് മാത്രമല്ല, സിഎംആർഎലിൽ നിന്ന് പണം വാങ്ങിയ വിവിധ പാർട്ടികളുടെ ഉന്നത രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം എസ്എഫ്ഐഒ അന്വേഷണത്തിന്റെ പരിധിയിലേക്കു വരുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സിഎംആർഎൽ ഇവർക്കു നൽകിയ പണത്തിന്റെ നികുതി അടച്ച് സെറ്റിൽമെന്റ് ചെയ്തെങ്കിലും, പണം വാങ്ങിയവർ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടി വരുമെന്നാണ് വിവരം.

ജനുവരി 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാര്‍ തീരുമാനിച്ചത്. എക്സാലോജിക്, സിഎംആർഎൽ, സിഎംആർഎലില്‍ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്നാണ് സിഎംആർഎൽ റജിസ്ട്രാർ ഓഫ് കമ്പനീസിൽ അറിയിച്ചിരുന്നത്.

എന്നാൽ ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്സാലോജികിന് സിഎംആർഎൽ വൻതുക കൈമാറി എന്നായിരുന്നു ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതാകട്ടെ, വീണയുടെ കമ്പനി റജിസ്റ്റർ ചെയ്തിരുന്ന ബെംഗളുരുവിൽ നിന്നും അവിടുത്തെ റജിസ്ട്രാർ ഓഫ് കമ്പനീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇതോടെ കമ്പനിക്കെതിരെ അന്വേഷണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു.

തുടക്കത്തിൽ കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ മൂന്നംഗ സംഘത്തിന്റെ അന്വേഷണമാണ് നടന്നിരുന്നത്. എന്നാൽ ഇതിന് കമ്പനിയുെട പ്രവർ‍ത്തനത്തെ കുറിച്ച് മാത്രമാണ് അന്വേഷിക്കാൻ അധികാരമുള്ളത്. തുടർന്ന് അന്വേഷണം വിപുലമായ അധികാരങ്ങളുള്ള എസ്എഫ്ഐഒയെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമായി. ബിജെപി നേതാവ് ഷോൺ ജോർജ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു.

ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്കു പറ്റില്ലെന്നും പകരം കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും കാണിച്ച് ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഈ കേസ് 12ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്.