ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരണ വേളയിൽ (ചിത്രം ∙ മനോരമ)
തിരുവനന്തപുരം ∙ കായിക മേഖലയ്ക്കായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കാതെ സംസ്ഥാന ബജറ്റ്. സുസ്ഥിര വികസനവും സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ സംഭാവനയും ലക്ഷ്യമിടുന്നതാണ് പുതിയ കായിക നയമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കായിക ഉച്ചകോടിയില്‍ 5000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചത് വലിയ നേട്ടമാണെന്നും, പുതിയ നിക്ഷേപങ്ങളിലൂടെ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
‘‘കായിക മേഖലയിലെ സുസ്ഥിരമായ വികസനത്തിനൊപ്പം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റുവാൻ ലക്ഷ്യമിടുന്നതാണ് പുതിയ കായിക നയം. രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ച കായിക ഉച്ചകോടിയിലൂടെ 5000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചത് മികച്ച നേട്ടമാണ്. അടിസ്ഥാന സൗകര്യങ്ങൾ, കായിക അനുബന്ധ വ്യവസായങ്ങൾ, പുതിയ ലീഗുകൾ, കായിക സ്റ്റാർട്ടപ്പുകൾ, അക്കാദമികൾ തുടങ്ങിയ രംഗങ്ങളിലാണ് നിക്ഷേപങ്ങൾ ഉണ്ടാകുക. പതിനായിരത്തിലധികം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും’’ –മന്ത്രി പറഞ്ഞു.
