വിരാട് കോലി (Photo: PTI).

വിശാഖപട്ടണം∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും വിരാട് കോലി കളിക്കാനുണ്ടാകില്ലെന്നു വിവരം. ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് നേരത്തേ വിരാട് കോലി മാറിനിന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണു കോലി വിട്ടുനിന്നതെന്നാണ് ബിസിസിഐയുടെ നിലപാട്. മൂന്നാം ടെസ്റ്റ് കളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ കോലിയിൽനിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. സിലക്ടര്‍മാർക്കും ഇക്കാര്യത്തിൽ വ്യക്തമായ വിവരമില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

എന്തു കാരണത്താലാണ് കോലി ആദ്യ രണ്ടു മത്സരങ്ങൾ കളിക്കാത്തതെന്ന് ഇതുവരെ വ്യക്തമല്ല. വിരാട് കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. വിരാട് കോലിക്കു പകരക്കാരനായി ഇന്ത്യ ടീമിലെത്തിച്ച യുവതാരം രജത് പട്ടീദാറിന് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് രജത് പട്ടീദാർ അരങ്ങേറ്റ മത്സരം കളിച്ചത്.

ഹൈദരാബാദിൽ നടന്ന ആദ്യ മത്സരം ഇംഗ്ലണ്ട് 28 റൺസിനു വിജയിച്ചിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ ഹൈദരാബാദ് ടെസ്റ്റിൽ തോറ്റത്. അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ മാസം നടന്ന ട്വന്റി20 പരമ്പരയിലാണ് കോലി ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ആദ്യ മത്സരത്തിൽ 29 റൺസെടുത്ത താരം രണ്ടാം ട്വന്റി20യിൽ പൂജ്യത്തിനു പുറത്തായി.