തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ സ്ഥാനാർഥികളെയും രംഗത്തിറക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. സീറ്റ് വിഭജനം പൂർത്തിയാക്കാനായി നാളെ യുഡിഎഫ് യോഗം ചേരുന്നതും തൃശൂരിൽ ഇന്നു സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം വിളിച്ചതും ഇതു കണക്കിലെടുത്താണ്. തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നു മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച രീതി ലോക്സഭാ തിരഞ്ഞെടുപ്പിലും തുടരാനാണ് ആലോചന.
15 സിറ്റിങ് എംപിമാരോടും അതതു മണ്ഡലങ്ങളിൽ മത്സരിക്കാൻ തയാറാകാനാണ് നിലവിൽ പറഞ്ഞിരിക്കുന്നത്. മാറ്റമുണ്ടെങ്കിൽ പിന്നീട് ഹൈക്കമാൻഡ് തീരുമാനിക്കും. ചുരുക്കം മണ്ഡലങ്ങളിൽ മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. രാഷ്ട്രീയ സാഹചര്യവും എംപിമാരുടെ പ്രകടനവും വിലയിരുത്തിയുള്ള സർവേ റിപ്പോർട്ട് എഐസിസിയുടെ പക്കലുണ്ട്.
കെപിസിസി പ്രസിഡന്റ് പദം ഏറ്റെടുത്ത സാഹചര്യത്തിൽ മത്സരിക്കുന്നില്ലെന്ന് കണ്ണൂരിൽനിന്നുള്ള സിറ്റിങ് എംപിയായ കെ.സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം സ്ഥാനാർഥിനിർണയം സംസ്ഥാന–കേന്ദ്ര നേതൃത്വത്തിനു കൈമാറി പിരിയാനാണ് സാധ്യത. ഈ മാസം തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
ലീഗിനെ സമാധാനിപ്പിക്കാമെന്ന് പ്രതീക്ഷ
മൂന്നാം സീറ്റ് വേണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമെന്ന് മുസ്‍ലിം ലീഗ് പരസ്യമായി വ്യക്തമാക്കിയെങ്കിലും അതിന്റെ പേരിൽ മുന്നണിയിൽ തർക്കമുണ്ടെന്ന പ്രതീതി സൃഷ്ടിക്കില്ലെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ലീഗിന്റെ അർഹത അംഗീകരിക്കുകയും ഒപ്പം സീറ്റിങ് സീറ്റുകൾ വിട്ടു കൊടുക്കുന്നതിന്റെ പ്രയാസം ബോധ്യപ്പെടുത്തുകയും ചെയ്യാനാണു ശ്രമം. നാളെ യുഡിഎഫ് യോഗത്തിനു മുൻപായി കോൺഗ്രസും ലീഗും തമ്മിൽ ചർച്ച നടത്തും. കേരള കോൺഗ്രസിന് (ജോസഫ്) കോട്ടയം സീറ്റ് നൽകാമെങ്കിലും സ്ഥാനാർഥിനിർണയത്തിൽ സൂക്ഷ്മത വേണമെന്നാണ് കോൺഗ്രസ് അഭ്യർഥന.
