പ്രതീകാത്മക ചിത്രം
തൊടുപുഴ ∙ കോതമംഗലം – നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്.
സമീപത്തെ കാനയിൽ തെറിച്ചുവീണ് കിടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും വിനോദയാത്രയ്ക്കായി രണ്ടു ദിവസം മുമ്പ് വീടുകളിൽനിന്നും പുറപ്പെട്ടതായാണ് വിവരം. കോതമംഗലം ഭാഗത്തുനിന്നും ആലുവ ഭാഗത്തേക്കു പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത് എന്നാണ് സൂചന.
പുലർച്ചെ 4 മണിയോടെ ഒരു ബൈക്ക് പാതയോരത്തു മറിഞ്ഞു കിടക്കുന്നത് കണ്ട്, ഇതുവഴിയെത്തിയവർ നടത്തിയ തിരച്ചിലിലാണ് ഇവരെ സമീപത്തെ കാനയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സംഘം ഇരുവരെയും കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോതമംഗലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
