ആർ.ബിന്ദു.
തൃശൂർ∙ നാഥുറാം വിനായക് ഗോഡ്സെയെ മഹത്വവത്കരിച്ച കോഴിക്കോട് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്‍റെ നിലപാട് അപമാനകരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ സംസ്ഥാനത്തിന് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.
വിദ്യാര്‍ഥികള്‍ക്ക് ശരിയായ ചരിത്രബോധം നല്‍കേണ്ട അധ്യാപകര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഗോഡ്സെയെ മഹത്വവത്കരിക്കുന്നത് നന്ദികേടാണെന്നും മന്ത്രി പറഞ്ഞു. ‘‘ഒരു രാജ്യത്തും രാഷ്ട്രപിതാവിനെ നെഞ്ചിൽ നിറയൊഴിച്ച് കൊലപ്പെടുത്തുന്ന സംഭവം ഉണ്ടായിട്ടില്ല. അതു തന്നെ ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണ്. അതിനെ മഹത്വവത്കരിക്കുന്നതിലും വലിയ നന്ദികേട് വേറെയില്ല.’’– ആർ. ബിന്ദു കൂട്ടിച്ചേർത്തു.
അഡ്വ. കൃഷ്ണരാജിന്റെ പോസ്റ്റിനു താഴെയാണ് ഇന്ത്യയെ രക്ഷിച്ച ഗോഡ്സെ അഭിമാനം എന്ന് അധ്യാപിക കമന്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഷൈജ ആണ്ടവൻ കമന്റ് ഡിലീറ്റ് ചെയ്തു. തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നുമാണ് ഷൈജ ആണ്ടവന്‍റെ വിശദീകരണം.
അധ്യാപികക്കെതിരെ എസ്എഫ്ഐ നല്‍കിയ പരാതിയില്‍ ഇന്നലെ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ട്. ഇതുവഴി കമന്‍റ് ഇട്ടത് ഷൈജ തന്നെയാണെന്നതിനു തെളിവ് ശേഖരിക്കുകയാണ് ലക്ഷ്യം. തെളിവു ശേഖരണത്തിന് ശേഷം അധ്യാപികയുടെ മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം.
