രാഹുൽഗാന്ധി, അരവിന്ദ് കെജ്‌രിവാൾ, വി.ഡി. സതീശൻ, കെ. സുധാകരൻ
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സാധ്യത തേടി ആം ആദ്മി പാര്‍ട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നേതൃതലത്തില്‍ ചര്‍ച്ച നടത്തണമെന്ന് എ.എ.പി. സംസ്ഥാന ഘടകം ഡല്‍ഹി നേതൃത്വത്തോടാവശ്യപ്പെട്ടു. കോണ്‍ഗ്രസുമായി സഹകരിച്ചാലുള്ള നേട്ടങ്ങള്‍ സൂചിപ്പിച്ചാണ് നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡുകള്‍ക്ക് അനുകൂല സമീപനമെങ്കില്‍ സീറ്റ് ചോദിക്കാനും ആലോചിക്കുന്നുണ്ടെന്ന് എ.എ.പി. സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. ചര്‍ച്ചകള്‍ക്കായി ഈമാസംതന്നെ കേരള നേതാക്കള്‍ ഡല്‍ഹിലെത്തും.
ട്വന്റി ട്വന്റിയുമായുണ്ടാക്കിയ രാഷ്ട്രീയ സഖ്യം പൊളിഞ്ഞതിനാല്‍ നിലവില്‍ ഒറ്റപ്പെട്ട പാര്‍ട്ടിയെ സജീവമാക്കി നിര്‍ത്താനാണ് എ.എ.പി. കേരള നേതൃത്വത്തിന്റെ ശ്രമം. ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യം കേരളത്തിലില്ലാത്തതാണ് എ.എ.പിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിക്കുന്നത്. അല്ലെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളില്‍ സമവായമുണ്ടാക്കി കേരളത്തിലും സീറ്റിന് വാദിക്കാമായിരുന്നു. ഇടത്-വലത് മുന്നണികള്‍ കേന്ദ്രീകരിച്ചുള്ള കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ യോജിക്കുക കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നാണ് വിലയിരുത്തല്‍. ഇടത് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിനൊപ്പം കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകളെ വിശ്വാസത്തിലെടുക്കാന്‍ യു.ഡി.എഫ്. ബന്ധം ഗുണമാകുമെന്നും കണക്കുകൂട്ടുന്നു. എന്നാല്‍ ഡല്‍ഹി നേതൃത്വത്തിന് ഇടതുപക്ഷത്തോടാണ് താല്പര്യമെന്നാണ് സൂചന.
ദേശീയ പദവി ലഭിച്ചിട്ടും പാര്‍ട്ടിക്ക് സംസ്ഥാനത്ത് കാര്യമായ ചലനങ്ങളുണ്ടാക്കാനായിട്ടില്ല. അതു പരിഹരിക്കാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് സജീവമാകണമെന്ന അഭിപ്രായവും കേരള ഘടകം ഡല്‍ഹി നേതാക്കളെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തു പാര്‍ട്ടിക്ക് വളരാനുള്ള സാഹചര്യമുണ്ടെന്നാണ് നേതൃത്വം കരുതുന്നത്. പാര്‍ട്ടി ഘടകത്തെ സജീവമാക്കാന്‍ കേരളത്തിന്റെ പ്രഭാരിയായി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയെ കഴിഞ്ഞയിടെ നിയമിച്ചിരുന്നു.
മധ്യകേരളത്തില്‍ ഒരു സീറ്റ്
കോണ്‍ഗ്രസുമായി ധാരണയിലെത്തുകയാണെങ്കില്‍ മധ്യകേരളത്തില്‍ ഏതെങ്കിലും സീറ്റ് എ.എ.പി. ചോദിക്കും. എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ മണ്ഡലങ്ങള്‍ക്കാകും മുന്‍ഗണന. എന്നാല്‍ യു.ഡി.എഫിനകത്ത് സീറ്റുവിഭജനം കീറാമുട്ടിയാകുമെന്നതിനാല്‍ കെ.പി.സി.സി. സമ്മതിക്കാനിടയില്ല. ഹൈക്കമാന്‍ഡുകള്‍ എന്തുതീരുമാനിക്കുമെന്നും കണ്ടറിയണം.
