Photo: wonderbus.ae/

പറഞ്ഞുപറ്റിക്കരുത്… ഇത്തവണയെങ്കിലും ബജറ്റില്‍ ഉറപ്പിച്ചു പറയണം ‘ആംഫി’ വരുമോ ഇല്ലയോ…? കരയിലും വെള്ളത്തിലും ഒരേപോലെ ഓടിക്കാവുന്ന ആംഫി ബസ്… കേരളത്തിന്റെ വിനോദസഞ്ചാരത്തിന്റെ മുഖംതന്നെ മാറ്റുമെന്ന് കരുതുന്ന വലിയൊരു പദ്ധതി. 2021-22 സംസ്ഥാന ബജറ്റില്‍ കൊച്ചിയുള്‍പ്പെടെ കേരളത്തിലെ മൂന്നിടത്ത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. രണ്ട് ബജറ്റു കഴിഞ്ഞിട്ടും ആംഫിയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ.

ജലാശയങ്ങളാല്‍ സമ്പന്നമായ വിനോദസഞ്ചാര നഗരങ്ങളിലെ പ്രധാന വാഹനമാണ് കരയിലും വെള്ളത്തിലുമോടുന്ന വോള്‍വോ ബസ് രൂപത്തിലുള്ള ആംഫിബിയന്‍ ബസ്. ജര്‍മനി, ലണ്ടന്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്സ്, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ ‘ആംഫി ടൂര്‍’ ഏറെ പ്രചാരത്തിലായി കഴിഞ്ഞതാണ്. ‘ഡക്ക് ടൂര്‍’, ‘റിവര്‍ ബസ്’, ‘വണ്ടര്‍ ബസ്’, ‘സ്പ്ലാഷ് ടൂര്‍’ തുടങ്ങിയ പേരുകളിലാണ് ഇത്തരം വിനോദസഞ്ചാരങ്ങള്‍ അറിയപ്പെടുന്നത്. റോഡിലൂടെ ഓടിവരുന്ന ബസ്, വെള്ളത്തിലേക്ക് ഇറങ്ങി ബോട്ടുപോലെ നീങ്ങുന്നു… അടുത്ത കരയിലേക്ക് കയറി സാധാരണ ബസ് പോലെ റോഡിലൂടെ പോകുന്നു.

കൊച്ചിക്കുപുറമേ കൊല്ലം, തലശ്ശേരി എന്നിവിടങ്ങളിലാണ് ആംഫി ബസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. പ്രാരംഭ തുകയായി അഞ്ചുകോടി രൂപ നീക്കിവെച്ചു. എന്നാല്‍, പിന്നീട് ഇതു സംബന്ധിച്ച നടപടിക്രമങ്ങളൊന്നും മുന്നോട്ട് ഒഴുകിയതുമില്ല ഓടിയതുമില്ല..! സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലാണ് പദ്ധതി.

എന്നാല്‍, ഇത്തരമൊരു ബസ് നിര്‍മിക്കാനും അതിനുള്ള സര്‍വീസിനും വിനോദസഞ്ചാര വകുപ്പിന് പ്രാവീണ്യമില്ല. ഒന്നുകില്‍ പുറംകരാര്‍ നല്‍കണം അല്ലെങ്കില്‍ സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കണം. ജലഗതാഗത വകുപ്പിനു കീഴിലേക്ക് ലഭിക്കുകയാണെങ്കില്‍ നാവികസേന, കൊച്ചി സര്‍വകലാശാലയിലെ ഷിപ് ടെക്നോളജി വകുപ്പ്, തുറമുഖ വകുപ്പ് എന്നിവയിലെ വിദഗ്ധരായിരിക്കും രൂപകല്പനയിലും നിര്‍മാണത്തിലും അവസാന വാക്കാവുക. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യണമെങ്കില്‍ ഭീമമായ ചെലവുവരും.