പിണറായി വിജയൻ | Photo: Jeevan tv news

കൊച്ചി: അതിജീവിതര്‍ക്ക് നീതി ഉറപ്പാക്കുന്നതിലും പ്രോസിക്യൂഷന്‍ സംവിധാനത്തിലും കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റേയും പ്രോസിക്യൂഷന്‍ അക്കാദമിയുടേയും ആസ്ഥാന മന്ദിര നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായവ, സമൂഹ മനസ്സാക്ഷിയെ നടുക്കുന്നവ, മയക്കുമരുന്ന് കേസുകള്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിലും അതിജീവിതര്‍ക്ക് നീതി ഉറപ്പാക്കുന്നതിലും സംസ്ഥാനം ഏറെ മുന്നിലാണ്. ഈ കേസുകളിലെ കേരളത്തിന്റെ ശിക്ഷാനിരക്കും വിചാരണ പൂര്‍ത്തിയാക്കുന്ന വേഗതയും മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. അടുത്തകാലത്ത് കുറ്റകൃത്യം നടന്ന് നൂറു ദിവസത്തിനകം അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി കുറ്റവാളിയെ ശിക്ഷിച്ച സംഭവം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഹീനമായ കുറ്റകൃത്യങ്ങളില്‍ അതിവേഗത്തില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതിന്റെ ഫലമായി പ്രതികള്‍ ഇത്തരം കേസുകളില്‍ ജാമ്യം എടുത്തു പുറത്തിറങ്ങി വിചാരണയെ തടസ്സപ്പെടുത്തുന്നതും സാക്ഷികളെ സ്വാധീനിക്കുന്നതും തടയാന്‍ കഴിഞ്ഞു. പോലീസും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഏകോപിപ്പിക്കുന്നതിനു വേണ്ട സാഹചര്യം ഒരുക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.