ഡബിൾ സെഞ്ചറി പൂർത്തിയാക്കിയ ശേഷം യശസ്വി ജയ്സ്വാൾ. Photo: FB@IndianCricketTeam.
വിശാഖപട്ടണം∙ രണ്ടാം ടെസ്റ്റിലെ ഡബിൾ സെഞ്ചറിക്കു പിന്നാലെ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ യുവ ബാറ്റർ യശസ്വി ജയ്സ്വാൾ. ഇന്ത്യയ്ക്കായി ടെസ്റ്റിൽ ഡബിൾ സെഞ്ചറി തികയ്ക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് യശസ്വി. ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിൽ ഡബിൾ സെഞ്ചറി തികയ്ക്കുമ്പോൾ യശസ്വി ജയ്സ്വാളിന് 22 വയസ്സാണു പ്രായം. മുൻ ഇന്ത്യൻ താരങ്ങളായ വിനോദ് കാംബ്ലിയും സുനിൽ ഗാവസ്കറുമാണ് മുൻപ് ചെറുപ്രായത്തിൽ ഡബിൾ സെഞ്ചറിയിലെത്തിയ താരങ്ങൾ. വിനോദ് കാംബ്ലിക്ക് 21 വയസ്സും 32 ദിവസവും ഗാവസ്കറിന് 21 വയസ്സും 277 ദിവസവുമായിരുന്നു ഡബിൾ സെഞ്ചറി നേടുമ്പോഴത്തെ പ്രായം.
രാജ്യാന്തര തലത്തിൽ പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. ഡബിൾ സെഞ്ചറി നേടുമ്പോൾ മിയാൻദാദിന് പ്രായം 19 വയസ്സും 140 ദിവസവുമായിരുന്നു. നിലവിലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ (2023–25) ഒരു ഇന്നിങ്സിൽ കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡിലും ജയ്സ്വാൾ മുന്നിലുണ്ട്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം 179 റൺസുമായി പുറത്താകാതെ നിന്ന ജയ്സ്വാൾ രണ്ടാം ദിവസം ഡബിൾ സെഞ്ചറിയിലെത്തുകയായിരുന്നു.
277 പന്തുകളില്‍നിന്നാണ് യശസ്വി ഡബിൾ സെഞ്ചറി തികച്ചത്. 290 പന്തുകളിൽനിന്ന് 209 റൺസെടുത്ത് താരം പുറത്തായി. ജയ്സ്വാളിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വിരാട് കോലി, മയാങ്ക് അഗർവാൾ, രോഹിത് ശർമ എന്നിവർക്കു ശേഷം ഡബിൾ സെഞ്ചറി തികയ്ക്കുന്ന നാലാമത്തെ താരമാണു യശസ്വി. 22 വയസ്സുകാരനായ താരം നേരത്തേ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിവയിലും ഡബിൾ സെഞ്ചറി അടിച്ചിട്ടുണ്ട്.
ഏഴു സിക്സുകളാണ് ആദ്യ ഇന്നിങ്സിൽ താരം ബൗണ്ടറി കടത്തിയത്. ഉത്തർപ്രദേശിലെ ബദോഹി സ്വദേശിയായ യശസ്വി ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 80, 15 റൺസുകളാണ് രണ്ട് ഇന്നിങ്സുകളിലുമായി ജയ്സ്വാൾ നേടിയത്. കഴിഞ്ഞ വർഷം വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റിൽ അരങ്ങേറ്റ മത്സരം കളിച്ച ജയ്സ്വാൾ ആദ്യ ഇന്നിങ്സിൽ തന്നെ സെഞ്ചറി തികച്ചിരുന്നു. 387 പന്തുകളിൽനിന്ന് 171 റണ്‍സാണു താരം താരം അടിച്ചെടുത്തത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ്.
