മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ (File Photo: PTI)

ന്യൂഡൽഹി ∙ മാലദ്വീപിൽ‌നിന്ന് ഇന്ത്യന്‍ സേന പിന്മാറണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പ്രായോഗിക പരിഹാരത്തിനായി ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മേയ് 10നകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളിൽനിന്ന് ഇന്ത്യൻ സേന പിന്മാറുമെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നത്.

ആദ്യഘട്ടത്തിൽ മാർച്ച് 10നകം ഒരു വ്യോമ താവളത്തിലേയും പിന്നീട് രണ്ടു മാസത്തിനകം മറ്റു രണ്ടിടത്തെയും സൈനികരാണ് പിന്മാറുകയെന്നും മാലദ്വീപ് പറയുന്നു. എന്നാൽ സേനയെ പിൻവലിക്കുന്ന കാര്യത്തിൽ ഇന്ത്യ വ്യക്തത വരുത്തിയിട്ടില്ല. അടിയന്തര വൈദ്യ സഹായ ദൗത്യങ്ങളും മറ്റ് മാനുഷിക ഇടപെടലുകളും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉഭയകക്ഷി സഹകരണം തുടരുമെന്നും തുടർ നടപടികൾക്കായുള്ള ഉന്നതതല യോഗം പിന്നീട് മാലെയിൽ നടക്കുമെന്നും മന്ത്രാലയം അറിയിച്ചു.

മാലദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈനയുടെ സമ്മര്‍ദത്താല്‍ അവിടത്തെ ഭരണകൂടം ആവശ്യപ്പെടുന്നുണ്ടെങ്കിലും, പതിറ്റാണ്ടുകളായി മാലദ്വീപ് പ്രതിരോധസേനയുടെ പരിശീലനത്തിലെ പ്രധാന പങ്കാളികളാണ് ഇന്ത്യ. മാലദ്വീപ് സൈന്യത്തിന്റെ പരിശീലനത്തിന് ആവശ്യമായ സഹായങ്ങളില്‍ ഏറിയ പങ്കും എത്തിച്ചുനല്‍കുന്നത് ഇന്ത്യയാണ്. ഇന്ത്യ നല്‍കിയ രണ്ട് സൈനിക ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നിലവില്‍ മാലദ്വീപ് സേനയുടെ ഭാഗമാണ്.

ഇന്ത്യ നൽകിയ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി ഇതിനോടകം 600ഓളം മെഡിക്കല്‍ സഹായ ദൗത്യങ്ങള്‍ മാലദ്വീപില്‍ നടത്തിയിട്ടുണ്ട്. മാലദ്വീപില്‍ നല്‍കുന്ന സൈനികപരിശീലനങ്ങള്‍ക്കുപുറമേ ഇന്ത്യയിലും പരിശീലനം നല്‍കുന്നുണ്ട്. സൈനിക വിമാനങ്ങള്‍ പറത്തുന്നതിനു പരിശീലനം ലഭിച്ചവര്‍, സാങ്കേതികപരിശീലനം നേടിയവര്‍, മെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ ഉള്‍പ്പെടെ 77 ഇന്ത്യന്‍ സേനാംഗങ്ങളാണ് നിലവില്‍ മാലദ്വീപിലുള്ളത്.