ഡബിൾ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിന്റെ ആഹ്ലാദം. Photo: FB@IndianCricketTeam
വിശാഖപട്ടണം∙ യശസ്വി ജയ്സ്വാളിന്റെ ഡബിൾ സെഞ്ചറിക്കരുത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ 396 റൺസെടുത്ത് ഇന്ത്യ. ജയ്സ്വാളിന്റെ വീരോചിത പ്രകടനം ഒഴിച്ചു നിർത്തിയാൽ രണ്ടാം ദിവസം ആദ്യ സെഷനിൽ 60 റൺസ് മാത്രമാണ് ഇന്ത്യ കൂട്ടിച്ചേർത്തത്. വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങുകയായിരുന്നു. 277 പന്തുകളില്‍നിന്നാണ് യശസ്വി ഡബിൾ സെഞ്ചറി തികച്ചത്. 290 പന്തുകളിൽനിന്ന് 209 റൺസെടുത്ത് താരം പുറത്തായി.
ജയ്സ്വാളിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വിരാട് കോലി, മയാങ്ക് അഗർവാൾ, രോഹിത് ശർമ എന്നിവർക്കു ശേഷം ഡബിൾ സെഞ്ചറി തികയ്ക്കുന്ന നാലാമത്തെ താരമാണു യശസ്വി. 191 റൺസിൽനിന്ന് ഒരു സിക്സും ഫോറും പായിച്ചാണ് രണ്ടാം ടെസ്റ്റിൽ താരം ഡബിൾ സെഞ്ചറി നേടിയത്. 22 വയസ്സുകാരനായ താരം നേരത്തേ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിവയിലും ഡബിൾ സെഞ്ചറി അടിച്ചിട്ടുണ്ട്.
ആറു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെന്ന നിലയിലാണ് രണ്ടാം ദിവസം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. എന്നാൽ അധികം വൈകാതെ ആർ. അശ്വിനെ നഷ്ടമായി. 37 പന്തുകളിൽ 20 റൺസെടുത്ത താരത്തെ ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഡബിൾ സെഞ്ചറി നേടിയതിനു പിന്നാലെ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ജയ്സ്വാളും മടങ്ങി. ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച ജയ്സ്വാളിനെ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ജസ്പ്രീത് ബുമ്ര (ഒൻപതു പന്തിൽ ആറ്), മുകേഷ് കുമാർ (പൂജ്യം) എന്നിവർക്കും തിളങ്ങാനായില്ല. 42 പന്തിൽ എട്ടു റൺസുമായി കുൽദീപ് യാദവ് പുറത്താകാതെനിന്നു. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൻ, ശുഐബ് ബഷീർ, റെഹാൻ അഹമ്മദ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.
ഡബിൾ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിന്റെ ആഹ്ലാദം. Photo: FB@IndianCricketTeam
രഞ്ജി ട്രോഫി മത്സരങ്ങൾക്കു സമാനമായ ഫ്ലാറ്റ് ട്രാക്ക് പിച്ചായിരുന്നു വിശാഖപട്ടണത്തിലേത്. ഒന്നാം ഇന്നിങ്സിൽ ശരാശരി 478 റൺസ് ചരിത്രമുള്ള പിച്ചിൽ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നിസ്സംശയം ബാറ്റിങ് തിരഞ്ഞെടുത്തു. പിച്ചിൽ കാര്യമായ സ്വിങ്ങോ ടേണോ ഇല്ലാതിരുന്നിട്ടും കരുതലോടെയാണ് ഇന്ത്യൻ ഓപ്പണർമാർ തുടങ്ങിയത്. സ്കോർ 40ൽ നിൽക്കെ, ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ താരം ശുഐബ് ബഷീറിന്റെ ലെഗ് സ്റ്റംപിനു പുറത്തേക്കു തിരിഞ്ഞ പന്തിൽ ഗ്ലാൻസിനു ശ്രമിച്ച രോഹിത്താണ് (14) ആദ്യം വിക്കറ്റ് വലിച്ചെറിഞ്ഞത്.
പിന്നാലെയെത്തിയ ശുഭ്മൻ ഗില്ലിനു നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. പേസർ ജയിംസ് ആൻഡേഴ്സന്റെ ഓഫ് സ്റ്റംപിനു പുറത്തുപോയ പന്തിലേക്ക് ബാറ്റു വച്ച ഗിൽ (34) വിക്കറ്റ് കീപ്പർ ബെൻ ഫോക്സിനു ക്യാച്ച് നൽകി മടങ്ങി. 7 ഇന്നിങ്സിനിടെ ഇത് അഞ്ചാം തവണയാണ് ഗില്ലിനെ ആൻഡേഴ്സൻ പുറത്താക്കുന്നത്. നാലാമനായെത്തിയ ശ്രേയസ് അയ്യരും (27) അരങ്ങേറ്റക്കാരൻ രജത് പാട്ടിദാറും (32) അക്ഷർ പട്ടേൽ (27) കെ.എസ്.ഭരത് (17) എന്നിവരും നന്നായി തുടങ്ങി അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടു.
ഒരുവശത്ത് വിക്കറ്റുകൾ തുടർച്ചയായി വീണുകൊണ്ടിരുന്നപ്പോഴും ടീം ഇന്ത്യയ്ക്കായി പ്രതിരോധത്തിന്റെ വൻമതിൽ തീർത്തത് ഇരുപത്തിരണ്ടുകാരൻ യശസ്വി ജയ്സ്വാളായിരുന്നു. ആദ്യ ടെസ്റ്റിൽ അറ്റാക്കിങ് ബാറ്റിങ്ങിലൂടെ അർധ സെഞ്ചറി നേടിയ ജയ്സ്വാൾ ഇത്തവണ പ്രതിരോധത്തിലൂന്നിയാണ് തുടങ്ങിയത്.കൂറ്റൻ അടികൾക്കു ശ്രമിക്കാതെ ഫോറുകളിലൂടെ റൺസ് കണ്ടെത്തിയ ഇടംകൈ ഓപ്പണർ, അവസാന സെഷനിലാണ് അറ്റാക്കിങ് മോഡിലേക്ക് തിരിയുന്നത്. ഓവർ പിച്ച് പന്തുകളെ ലോങ് ഓഫിനു മുകളിലൂടെ ഗാലറിയിലെത്തിച്ച ജയ്സ്വാൾ, ഷോർട്ട് പിച്ച് പന്തുകളെ മിഡ് വിക്കറ്റിനു മുകളിലൂടെ ബൗണ്ടറി കടത്തി.




