പോണ്ടിയാക്∙ മകൻ നാലു സഹപാഠികളെ വെടിവച്ചുകൊലപ്പെടുത്തിയ കേസിൽ മനഃപൂർവമല്ലാത്ത നരഹത്യകുറ്റത്തിനു വിചാരണ നേരിട്ട് രക്ഷിതാക്കൾ. പതിനേഴുകാരനായ ഏഥൻ ക്രംബ്ളിയുടെ അമ്മ ജെന്നിഫറും ഭർത്താവ് ജെയിംസുമാണ് വിചാരണ നേരിടുന്നത്. മക്കളുടെ ചെയ്തികളുടെ പേരിൽ കുറ്റാരോപിതരായ ആദ്യ രക്ഷിതാക്കളാണ് ഇവർ. മകന്റെ മാനസിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയില്ല, തോക്ക് മകന് ലഭ്യമാക്കി എന്നീ കുറ്റങ്ങളാണ് ഇവർക്കു മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്.
2021 നംവബറിലാണ് മിഷിഗണിലെ ഓക്സ്ഫഡ് ഹൈസ്കൂളിൽ 14നും 17നുംഇടയിൽ പ്രായമുള്ള നാലു വിദ്യാർഥികൾ ഏഥന്റെ വെടിയേറ്റ് മരിക്കുന്നത്. സംഭവത്തിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഏഥൻ. മകന്റെ ഗണിത പുസ്തകത്തിൽ അസ്വസ്ഥകരമായ ചിത്രരചനകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചതിന് ഏതാനും മണിക്കൂറുകൾക്കുശേഷമാണു സംഭവം.
മകൻ മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും ജെന്നിഫർ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയായിരുന്നെങ്കിൽ നാലു മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷൻ വാദം. ‘‘ട്രിഗർ വലിച്ചത് ജെന്നിഫർ അല്ലെന്നു തെളിവുകൾ ഉണ്ടായിരിക്കും. പക്ഷേ ആ നാലു മരണങ്ങൾക്കും കാരണം അവരാണ്’’ – പ്രോസിക്യൂട്ടർ മാർക് കീസ്റ്റ് വാദിക്കുന്നു. മകനു തോക്കുവാങ്ങി നൽകിയതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞ ജെന്നിഫർ സഹപാഠികൾക്കു പകരം മകൻ തങ്ങളെ കൊന്നിരുന്നുവെങ്കിലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
മകൻ കൊലപാതകം നടത്തിയ സമയം ജെന്നിഫറുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന് അവളുടെ സുഹൃത്ത് ബ്രയാൻ മെലോഷെ പൊലീസിനു മൊഴി നൽകിയിരുന്നു. ജെന്നിഫറും ബ്രയാനും ഹോട്ടലുകളിൽ സെക്സ് പാർട്ടികൾ നടത്തിയിരുന്നുവെന്നാണ് മൊഴി. ‘അഡൾട്ട് ഫ്രണ്ട് ഫൈൻഡർ’ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് അപരിചിതരെ കണ്ടെത്തുകയും ജോലി കഴിഞ്ഞ് ഹോട്ടലിൽ അവരുമായി കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നതെന്ന് പ്രോസിക്യൂഷനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ ആളുകളെ കാണുന്നതിനായി ആപ്പ് ഉപയോഗിച്ചിരുന്നുവെന്നുള്ളതു സത്യമാണെന്നും ജോലി കഴിഞ്ഞ് ബിസിനസ് ആവശ്യങ്ങൾക്കായാണു ഹോട്ടലുകളിലേക്ക് പോയിരുന്നതെന്നും ജെന്നിഫർ പറയുന്നു. മകൻ മാനസികമായി ബുദ്ധിമുട്ടുമ്പോൾ രക്ഷിതാവെന്ന നിലയിൽ മകനെ ജെന്നിഫർ ശ്രദ്ധിച്ചില്ലെന്നാണു പ്രോസിക്യൂഷൻ ആരോപിക്കുന്നത്.
മകൻ തോക്കുപയോഗിച്ച് സഹപാഠികളെ വെടിവെക്കുമെന്നു ജെന്നിഫറിന്റെ വിദൂരചിന്തകളിൽ പോലും ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം വാദിക്കുന്നു. അവരറിയാത്ത കുറ്റത്തിന് അവർ കുറ്റവാളികളാകുന്നത് എങ്ങനെയാണെന്നാണ് പ്രതിഭാഗത്തിന്റെ ചോദ്യം.
