സജി ചെറിയാൻ (ഇടത്), ബാലചന്ദ്രൻ ചുള്ളിക്കാട് (വലത്)

തിരുവനന്തപുരം∙ കേരള സാഹിത്യ അക്കാദമി അപമാനിച്ചു എന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിക്കു പിന്നാലെ ഖേദം പ്രകടിപ്പിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ചുള്ളിക്കാടിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു. ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ടെന്നും ഓഫിസിനു സംഭവിച്ച പിഴവാണെന്നും മന്ത്രി പറഞ്ഞു. ഫെസ്റ്റുകൾക്ക് പണം നൽകുന്നുണ്ട്. എന്നാൽ ചോദിക്കുന്നതു മുഴുവൻ കൊടുക്കാനാവില്ല. പണമല്ല, സാഹിത്യകാരന്മാർക്ക് കിട്ടുന്ന പരിഗണനയാണ് വിഷയമെന്നും മന്ത്രി പറഞ്ഞു.

സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ചാണ് ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയത്. കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി തന്നെ ക്ഷണിച്ചിരുന്നെന്നും രണ്ടു മണിക്കൂർ പ്രഭാഷണം നടത്തിയതിനു പ്രതിഫലമായി നൽകിയത് 2400 രൂപ മാത്രമാണെന്നും ചുള്ളിക്കാട് പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാൻ വന്നതിന് 3500 രൂപ ചെലവുണ്ടെന്നും ബാക്കി തുക സീരിയലിൽ അഭിനയിച്ചു കിട്ടിയ പണത്തിൽനിന്നാണ് നൽകിയതെന്നും കവി പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫെസ്‌ബുക്കിൽ എഴുതിയത്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

സംഭവത്തിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും ബാലചന്ദ്രൻ ചുള്ളുക്കാടിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ നേരിട്ടു പങ്കില്ലെങ്കിലും മാപ്പു ചോദിക്കുന്നതായി അശോകൻ ചരുവിൽ പറഞ്ഞു.