എൽ.കെ.അഡ്വാനി (ഫയൽ ചിത്രം )
ന്യൂഡൽഹി∙ തനിക്കു ലഭിച്ച ഭാരതരത്ന പുരസ്കാരം ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കു കൂടിയുള്ളതാണെന്നു മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി. 14–ാം വയസ്സിൽ ആര്‍എസ്എസിൽ ചേർന്ന നാള്‍ മുതൽ പ്രാധാന്യം നൽകിയത് രാജ്യ സേവനത്തിനാണെന്നും പൊതുജീവിതത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെ നന്ദി അറിയിക്കുന്നതായും അഡ്വാനി പ്രസ്താവനയിൽ പറഞ്ഞു. നേരത്തേ, അഡ്വാനിക്ക് ഭരതരത്ന പുരസ്കാരം നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.
‘‘അങ്ങേയറ്റം കൃതജ്ഞതയോടും വിനയത്തോടും കൂടി ഭാരതരത്ന പുരസ്കാരം ഞാൻ സ്വീകരിക്കുന്നു. എനിക്ക് ഈ പുരസ്കാരം ഒരു വ്യക്തി എന്ന നിലയിലുള്ള നേട്ടം മാത്രമല്ല, ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കു കൂടിയുള്ള അംഗീകാരമാണ്. 14–ാം വയസ്സിൽ ആർഎസ്എസിൽ സന്നദ്ധസേവകനായി ചേർന്നതു മുതൽ എന്റെ രാജ്യത്തിനായി ജീവിതം നീക്കിവച്ചു. എന്റെ ജീവിതം രാജ്യത്തിനുള്ളതാണ് എന്ന ആപ്തവാക്യമാണ് എന്നെ മുന്നോട്ടുനയിച്ചത്.
ഏറ്റവും അടുപ്പത്തോടെ എന്നോടൊപ്പം പ്രവർത്തിച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയെയും അടൽ ബിഹാരി വായ്പേയിയെയും ഈ അവസരത്തിൽ സ്മരിക്കുകയാണ്. പൊതുജീവിതത്തിൽ എന്നോടൊപ്പം പ്രവർത്തിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെയും സ്വയംസേവകരെയും നന്ദി അറിയിക്കുന്നു. എല്ലായ്‌പ്പോഴും പ്രവർത്തിക്കാനുള്ള ഊർജം നൽകിയ ഭാര്യ കമലയെയും മറ്റ് കുടുംബാംഗങ്ങളെയും ഓർക്കുന്നു. ഈ പുരസ്കാരത്തിനായി എന്നെ തിരഞ്ഞെടുത്തതിനു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുന്നു നമ്മുടെ രാജ്യം ഇനിയും ഉയരങ്ങളിലേക്കു വളരട്ടെ’’ –അഡ്വാനി പറഞ്ഞു.
