ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കെട്ടിടം പൊളിച്ചു നീക്കുന്നു | Photo: Screen grab/ Arranged Video

കട്ടപ്പന: സ്വകാര്യവ്യക്തി കൈയ്യേറിയ കല്യാത്തണ്ട് മലനിരകളിലെ റവന്യൂ ഭൂമി കോടതി ഉത്തരവിനെ തുടര്‍ന്ന് ഒഴിപ്പിച്ചു. വെള്ളയാംകുടി ജോബി ജോര്‍ജ്ജ് എന്നയാൾ കൈവശംവെച്ചിരുന്ന 35 സെന്‍റ് ഭൂമിയാണ് കട്ടപ്പന മുന്‍സിഫ് കോടതി വിധിയെ തുടര്‍ന്ന് ഒഴിപ്പിച്ചത്.

2018-ല്‍ ബേസിക് ടാക്സ് രജിസ്റ്ററിലും ലാന്‍ഡ് രജിസ്റ്ററിലും സര്‍ക്കാര്‍ വകയെന്ന് രേഖപ്പെടുത്തിയ വസ്തു ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് ചെന്നപ്പോള്‍ ഒഴിപ്പിക്കലിനെ തടഞ്ഞ ജോബി ജോര്‍ജ്ജ് റവന്യൂ വകുപ്പിനെതിരേ കേസ് ഫയല്‍ ചെയ്തു. വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഭൂമിയാണെന്നും തന്റെ മുന്‍ഗാമികള്‍ 1974 മുതല്‍ ഭൂമി കൈവശം വെച്ചിരുന്നുവെന്നും കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കേസ് കോടതി തള്ളുകയായിരുന്നു.

തുടര്‍ന്ന് ഭൂരേഖ തഹസില്‍ദാറുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം വസ്തു ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചുനീക്കി സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. കേസില്‍ സര്‍ക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ആര്‍. പ്രതാപന്‍ ഹാജരായി.