Photo Courtesy: NDTV

ന്യൂയോര്‍ക്ക്: പെണ്‍കുട്ടിക്കുനേരേ വിമാനത്തില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ ഇന്ത്യക്കാരനായ ഡോക്ടറെ കോടതി വെറുതെവിട്ടു. അമേരിക്കയിലെ ബോസ്റ്റണിലെ ആശുപത്രിയില്‍ ഡോക്ടറായ സുദീപ്ത മൊഹന്തി(33)യെയാണ് ബോസ്റ്റണ്‍ ഫെഡറല്‍ കോടതി വെറുതെവിട്ടത്. മൂന്നുദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയത്.

വിമാനത്തില്‍ 14-കാരിയുടെ സമീപത്തിരുന്ന് നഗ്നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു പരാതി. 2022-ലായിരുന്നു സംഭവം. ഹവായന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഹോനോലുലുവില്‍നിന്ന് ബോസ്റ്റണിലേക്ക് യാത്രചെയ്യുകയായിരുന്നു ഡോക്ടര്‍. യാത്രയ്ക്കിടെ സമീപത്തെ സീറ്റിലിരുന്ന് യാത്രചെയ്ത 14-കാരിയാണ് പിന്നീട് ഡോക്ടര്‍ക്കെതിരേ പരാതി ഉന്നയിച്ചത്.

സഹയാത്രക്കാരനായിരുന്ന സുദീപ്ത സ്വയംഭോഗം ചെയ്‌തെന്നായിരുന്നു 14-കാരിയുടെ പ്രധാന ആരോപണം. കഴുത്ത് വരെ പുതപ്പുമൂടിയനിലയിലാണ് ഇയാള്‍ യാത്രചെയ്തിരുന്നതെന്നും കാല്‍ മുകളിലേക്കും താഴേക്കും ചലിപ്പിച്ചിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് താന്‍ പിന്നീട് മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നതായും 14-കാരി പറഞ്ഞു.

വിമാനം ബോസ്റ്റണില്‍ ലാന്‍ഡ് ചെയ്തശേഷമാണ് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

അതേസമയം, തനിക്കെതിരേ ആരോപിച്ച കുറ്റങ്ങളെല്ലാം ഡോ.സുദീപ്ത നിഷേധിച്ചിരുന്നു. തനിക്കൊപ്പം പ്രതിശ്രുതവധുവും വിമാനത്തിലുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു.