പ്രതീകാത്മക ചിത്രം.
വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനംകൂടി കണ്ടെത്താന്‍ കഴിയുന്നരീതിയില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ദത്തെടുക്കാം. ഇതിനായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പോളിടെക്നിക്കിലും ടൂറിസം ക്ലബ്ബുകള്‍ രൂപവത്കരിക്കും. സമീപത്തെ വിനോദസഞ്ചാരകേന്ദ്രത്തിന്റെ പരിപാലനം ഏറ്റെടുക്കാനാണ് അനുമതി. വിനോദസഞ്ചാര, വിദ്യാഭ്യാസ വകുപ്പുകള്‍ ഇവ ഏകോപിപ്പിക്കും.
തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ടൂറിസം ക്ലബ്ബിന്റെ പ്രവര്‍ത്തനമാതൃകയാണ് പദ്ധതിക്കായി അവലംബിക്കുന്നത്. തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
ആദ്യഘട്ടത്തില്‍ 25 കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കും. സഞ്ചാരികളെ വരവേല്‍ക്കുക, അവര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കുക, ഹരിതചട്ടം പാലിക്കാന്‍ ബോധവത്കരണം നല്‍കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്. മാലിന്യനിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ സഞ്ചാരികള്‍ സ്വമേധയാ പാലിക്കാന്‍ പ്രേരിപ്പിക്കുന്നതും ചുമതലയാണ്.
കേന്ദ്രങ്ങളിലെത്തുന്നവര്‍ക്കായി കലാപരിപാടികള്‍ സംഘടിപ്പിക്കുക, വിവരങ്ങള്‍നല്‍കി ഗൈഡായി പ്രവര്‍ത്തിക്കുക, ശില്പശാല നടത്തുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വരുമാനംകണ്ടെത്താം. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ചില കോളേജുകളിലും 20 ഹൈസ്‌കൂളിലും മാത്രമാണ് ടൂറിസം.

തിരഞ്ഞെടുപ്പ് ഇങ്ങനെ
കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി ടൂറിസം ക്ലബ്ബുകളില്‍നിന്ന് അഭിമുഖംനടത്തി കുട്ടികളെ തിരഞ്ഞെടുക്കും. 25 മുതല്‍ 30 വരെ കുട്ടികളുടെ ബാച്ചുകളെ മൂന്നുമാസം എന്ന കണക്കില്‍ ചുമതലയേല്‍പ്പിക്കും.
ആക്കുളം നല്‍കുന്ന പാഠം
വില്ലേജിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നതും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതും ടൂറിസം ക്ലബ്ബ് അംഗങ്ങളാണ്. നവീകരണം, കലാപരിപാടികള്‍ എന്നിവയുടെ ചുമതല വിദ്യാര്‍ഥികള്‍ക്കാണ്. വര്‍ക്ഷോപ്പുകള്‍ നടത്തുന്നുണ്ട്. രണ്ട് ബാച്ചിലായി 60 കുട്ടികള്‍ വില്ലേജില്‍ പ്രവര്‍ത്തിച്ചു. മാസം 7000 രൂപമുതല്‍ 15,000 രൂപവരെ ഇവര്‍ക്ക് വരുമാനമായി ലഭിച്ചു.
