റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് |ഫോട്ടോ:PTI
ന്യൂഡല്‍ഹി: റെയില്‍വേ വികസനത്തില്‍ കേരളത്തോട് ഒരു തരത്തിലുള്ള അവഗണനയും ഇല്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ വികസനത്തിന് 2744 കോടി രൂപ കേരളത്തിന് നല്‍കിയെന്നും യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ ഏഴ് മടങ്ങ് അധികവിഹിതം മോദി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് നല്‍കിയെന്നും റെയില്‍വേ മന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിന് ശേഷം റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച വിഹിതം സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.
‘ഏതെങ്കിലും തരത്തിലുള്ള പരിഗണനയോ രാഷ്ട്രീയ വിവേചനമോ റെയില്‍വേ വികസനത്തില്‍ കേരളത്തോട് ഇല്ല. കേരളത്തില്‍ 35 അമൃത് സ്റ്റേഷനുകളും 92 മേല്‍പ്പാലങ്ങളുമാണ് പുതിയതായി അനുവദിച്ചത്. വളവുകള്‍ നിവര്‍ത്താനുള്ള പദ്ധതിരേഖ സംസ്ഥാന സര്‍ക്കാരിനു കൈമാറിയതായും മന്ത്രി അറിയിച്ചു.
കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈനിനെ കുറിച്ചുള്ള ചോദ്യത്തിന് അത് ഉപേക്ഷിച്ചില്ലേയെന്ന് അദ്ദേഹം മറുചോദ്യം ഉന്നയിച്ചു. കേരളത്തിന്റെ ഭാഗത്തുനിന്ന് സില്‍വര്‍ലൈനില്‍ പിന്നീട് താല്‍പര്യമൊന്നും കണ്ടില്ല. പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സര്‍ക്കാരിനോടു ചോദിക്കണമെന്നും റെയില്‍വേ മന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
