Photo | AFP, AP

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ കരുത്തരായ ചെല്‍സിയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് തകര്‍ത്തത്. മുഹമ്മദ് സലാഹില്ലാതെ കളിച്ച ലിവര്‍പൂളിനായി ആദ്യ പകുതിയില്‍ ഡിയാഗോ ജോട്ട (23), കോണോര്‍ ബ്രാഡ്‌ലി (39) എന്നിവര്‍ ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ ഡൊമിനിക് സൊബസലായ് (65), ലൂയിസ് ഡയസ് (79) എന്നിവര്‍ ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി. ചെല്‍സിക്കായി ക്രിസ്റ്റഫര്‍ എന്‍കുന്‍കുവാണ് ആശ്വാസഗോള്‍ നേടിയത്. ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. രണ്ടാംസ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയേക്കാള്‍ അഞ്ച് പോയിന്റ് മുന്നിലാണ് ചെമ്പടയുള്ളത്.

അതേസമയം, ബേണ്‍ലിയുമായുള്ള മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ജയം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ട ഗോളാണ് സിറ്റിക്ക് ജയമൊരുക്കിയത്. റോഡ്രിയിലൂടെ സിറ്റി മൂന്നാം ഗോളും കണ്ടെത്തി. ആദ്യ പകുതിയിലെ 16, 22 മിനിറ്റുകളിലായിരുന്നു അല്‍വാരസിന്റെ ഗോളുകള്‍. ബേണ്‍ലിക്കായി ഇഞ്ചുറി ടൈമില്‍ അമീന്‍ അല്‍ദഖില്‍ ആശ്വാസഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ടോട്ടനം, ബ്രെന്റ്‌ഫോര്‍ഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.