ഹാരിസ്

മനാമ ∙ കലാകാരനിൽ നിന്ന് പാൽ ബിസിനസുകാരനായി മാറിയ കഥയാണ് ബഹ്‌റൈൻ പ്രവാസിയായ ഹാരിസിന്റേത്. ബിസിനസ് എന്നതിലുപരി ഒരു സേവനമായും ഈ ജോലിയെ കൊണ്ട് നടക്കുന്ന ഹാരിസ് നിരവധി ആളുകൾക്ക് അത്താണിയായിട്ടുമുണ്ട്. ഇപ്പോൾ റെസ്റ്റോറന്റ് മേഖലയിൽ സജീവമായ ഹാരിസിന്റെ തണലിൽ ജീവിതം കരുപ്പിടിപ്പിച്ചവർ നിരവധിയാണ്.

80കളുടെ ഹരമായിരുന്ന ഡിസ്ക്കോ ഡാൻസിൽ ആകർഷനായ ഹാരിസ് ആ മേഖലയിലായിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. മൈസൂരിലും വടക്കൻ കേരളത്തിന്റെ നിരവധി വേദികളിലും ഡിസ്‌കോ ഡാൻസിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഹാരിസ് കാലത്തിനൊപ്പിച്ച് പിന്നീട് പതുക്കെ ‘ബ്രെയ്ക്ക് ഡാൻസി’ലേക്കും ചുവടുമാറ്റിയിരുന്നു. എന്നാൽ കലാ ജീവിതം അധിക കാലം കൊണ്ടുനടക്കുന്നത് ഭാവിയിൽ ഗുണകരമാവില്ലെന്ന തിരിച്ചറിവിൽ കണ്ണൂർ കൂത്തുപറമ്പ് കതിരൂർ സ്വദേശിയായ ഹാരിസ് 1992ൽ ബഹ്റൈനിലേക്ക് വിമാനം കയറുകയായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ അടക്കം തന്റെ ഡാൻസ് അവതരിപ്പിച്ചിട്ടുള്ള ഹാരിസ് ഇപ്പോഴും തന്റെ ബ്രെയ്ക്ക് ഡാൻസിന്റെ ഓർമ്മയ്ക്കായിട്ടെന്നോണം തലയിലെ ‘ഹാറ്റ് ‘ ഊരാറില്ല.

ഭാഗ്യക്കല്ലുകൾ വിൽക്കുന്ന സ്വദേശികൾ ഹാരിസിന്റെ കടയിൽ

  • അറബികൾക്കിടയിലെ ‘പാൽക്കാരൻ ഹാരിസ്’

കൃഷിയോടും പശുക്കളോടും പണ്ട് മുതൽക്ക് തന്നെ ആഭിമുഖ്യം ഉണ്ടായിരുന്നത് കാരണം സ്വദേശികൾക്കൊപ്പം ചേർന്ന് പശുക്കളെ വളർത്തുന്ന സംരംഭത്തിലായിന്നു ആദ്യം ഹാരിസിന് താൽപര്യം. ജിദാഹഫ്‌സ് എന്ന പ്രദേശത്ത് എട്ടോളം പശുക്കളെ സംരക്ഷിച്ച് ശുദ്ധമായ പാൽ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമായിരുന്നു ആദ്യം തന്നെ ഏറ്റെടുത്തത്. പായ്ക്കറ്റ് പാൽ മാത്രം രുചിച്ച പ്രവാസികൾ അടക്കമുള്ളവരിൽ ഹാരിസിന്റെ പാൽ വേറിട്ട് നിന്നു. പല റെസ്റ്റോറന്റുകളിലും ഹാരിസ് വിതരണം ചെയ്യുന്ന പാലിന്റെ ഉപഭോക്താക്കളായി. മധുര പലഹാര നിർമ്മിതിക്കും, ഉത്തരേന്ത്യക്കാരുടെ പനീർ നിർമ്മാണങ്ങൾക്കുമെല്ലാം ഹാരിസ് നൽകുന്ന ശുദ്ധമായ പശുവിൻ പാൽ മാത്രം ഉപയോഗിക്കുന്ന നിരവധി റസ്റ്റോറന്റുകളും ബേക്കറികളും ഇപ്പോഴുമുണ്ട്. കൂടാതെ ഇതേ പാൽ ഉപയോഗിച്ച് തയാറാക്കുന്ന തൈര്, മറ്റു പാലുൽപ്പന്നങ്ങങ്ങളും ഹാരിസ് വിതരണം ചെയ്യുന്നുണ്ട്. മനാമയിലെ ‘അയക്കൂറ ‘ പാർക്ക് എന്ന് മലയാളികൾ വിളിക്കുന്ന പാർക്കിനടുത്തുള്ള ജാഫർ അഹമ്മദ് റെസ്റ്റോറന്റിലാണ് മനാമ ഭാഗത്തുള്ള ഫ്രഷ് മിൽക്ക് ഇപ്പോൾ വിതരണം ചെയ്യുന്നത്. സ്വദേശികളാണ് ഹാരിസിന്റെ ഉപഭോക്താക്കളിൽ കൂടുതലും. പശു ഫാമിൽ പിന്നീട് ആടുകളും കോഴികളും താറാവുകളും വളർത്താൻ തുടങ്ങിയെങ്കിലും പാൽ ബിസിനസിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനു വേണ്ടി പിന്നീട് ഫാമുകൾ നടത്തുന്നവരിൽ നിന്ന് പാൽ ശേഖരിച്ചു വിതരണം ചെയ്യുന്ന ജോലിയും റെസ്റ്റോറന്റിലും മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹാരിസ് പറഞ്ഞു.

ഭാഗ്യക്കല്ലുകൾ വിൽക്കുന്ന സ്വദേശികൾ ഹാരിസിന്റെ കടയിൽ.

  • സ്വദേശികളുടെ ‘ഭാഗ്യക്കല്ലുകൾ’ക്ക് ഹാരിസിന്റെ തണൽ

ഹാരിസിനെ സ്വദേശികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്ന മറ്റൊരു കാരണം കൂടിയുണ്ട്. പ്രായമായ നിരവധി സ്വദേശികൾ അവരുടെ ‘ഭാഗ്യക്കല്ല്’ വില്പന നടത്തിക്കൊണ്ടുപോകുന്നത് ഹാരിസിന്റെ റെസ്റ്റോറന്റിന് മുന്നിലുള്ള സ്‌ഥലത്താണ്‌. അതിരാവിലെ മുതൽ മനാമയിലെ ഹാരിസിന്റെ റെസ്റ്റോറന്റിന് മുന്നിലെ ഇരിപ്പിടങ്ങൾ തരപ്പെടുത്തുന്ന സ്വദേശികളുടെ അടുത്ത് നിന്ന് പല തരത്തിലുള്ള മുത്തുകളും കല്ലുകളും വാങ്ങാൻ സൗദി അറേബിയയിൽ നിന്ന് അടക്കം നിരവധി പേരാണ് നിത്യേന എത്തുക. അവർ പലരും ഹാരിസിന്റെ പാൽ ഉപഭോക്താക്കളുമാകുന്നു. അത് കൊണ്ട് തന്നെ അവരെല്ലാം ഹാരിസിന്റെ അതിഥികൾ ആണ്. ഇതൊരു പരസ്പര ധാരണയിൽ ഉള്ള ബിസിനസ് ആണെങ്കിലും ഇങ്ങനെ വില്പന നടത്തി ഉപജീവനം നടത്തുന്ന അറബ് സ്വദേശികൾക്ക് ഹാരിസിന്റെ റെസ്റ്റോറന്റിന് മുന്നിലെ ഈ ഇടം ഒരു അത്താണി ആണ്. ഹാരിസിനെ വ്യത്യസ്തനാക്കുന്നതും സ്വദേശി വിദേശി വ്യതാസമില്ലാത്ത ഈ ആതിഥ്യമര്യാദ തന്നെയാണ്.

ബഹ്‌റൈനിൽ എത്തി പച്ച പിടിച്ചു തുടങ്ങിയ കാലം തൊട്ട് തന്നെ ഹാരിസ് ആരും അറിയാതെ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. സ്വദേശികളുമായുള്ള സൗഹൃദവും അറബി ഭാഷയിലുള്ള പ്രാവീണ്യവും കാരണം തന്റെ പാൽ ഉപഭോക്താക്കളായ ബഹ്‌റൈൻ ഡോക്ടർമാരിൽ നിന്ന് നിരവധി ആളുകൾക്ക് ചികിത്സയും മരുന്നും എത്തിച്ചുകൊടുക്കാൻ ഹാരിസിന് കഴിഞ്ഞിട്ടുണ്ട്. അത് കൂടാതെ പല സ്‌ഥലങ്ങളിൽ വാടകയ്‌ക്കെടുത്ത മുറികളിൽ നിരവധി പേരെ താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ രോഗികൾ ആയവരെയും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെയും തീർത്തും സൗജന്യമായി താമസിപ്പിച്ച് ഭക്ഷണം നൽകിയും ഹാരിസ് താമസിപ്പിച്ചിട്ടുണ്ടെന്ന് മനാമയിലെ ആദ്യകാല മലയാളികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ പല കെട്ടിടങ്ങളിലും വാടക നിരക്ക് കൂടുകയും ചില പഴയ കെട്ടിടങ്ങൾ തന്നെ ഇല്ലാതാവുകയും ചെയ്തതോടെ ആണ് നിലവിൽ ആ സേവനങ്ങൾ ഇപ്പോൾ നിർത്തിയതെന്നും ഹാരിസ് പറഞ്ഞു. താൻ സൗജന്യമായി നൽകിയ ആ സേവനങ്ങളെ ദുരുപയോഗം ചെയ്തതും അത്തരം സേവനങ്ങൾ നിർത്താൻ കാരണമായതായി ഹാരിസ് പറഞ്ഞു. എങ്കിലും തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും സ്വദേശി വിദേശി വ്യതാസമില്ലാതെ ഹാരിസ് ചെയ്തുവരുന്നുണ്ട്. ഇപ്പോഴും റമദാൻ കാലത്ത് നോമ്പ് തുറക്ക് ചുറ്റുമുള്ള പള്ളികളിലും, സമസ്ത മദ്റസ പോലെയുള്ള സ്ഥലങ്ങളിലും എല്ലാ ദിവസവും ചായ ഹാരിസിന്റെ വകയാണ്. സ്വന്തമായി ഉണ്ടാക്കിയ ചെറു കടികളും കൂടാതെ തന്റെ സ്വന്തം ഫാമിലെ കോഴി, താറാവ് തുടങ്ങിയവയുടെ വിഭവങ്ങളും.

നേരത്തെ ബഹ്‌റൈനിൽ തന്നെ ഉണ്ടായിരുന്ന കുടുംബത്തെ ഇപ്പോൾ നാട്ടിലേക്ക് പറഞ്ഞയച്ചു. ഇനി ബിസിനസ്സെല്ലാം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ ഭാര്യയും മക്കളും ആവശ്യപ്പെടുമ്പോഴും ബഹ്‌റൈനിലെ സ്വദേശികളോടും വിദേശികളോടും കുശലം പറഞ്ഞ് തന്റെ റസ്റോറന്റിനടുത്തുള്ള പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള താമസ സൗകര്യവും തന്നെ ആശ്രയിച്ച് ജീവിക്കുന്ന കുറച്ച് പ്രവാസികളേയും വിട്ടൊഴിഞ്ഞു പോകാൻ മനസ്സ് വരുന്നില്ലന്നുള്ള മറുപടി മാത്രമാണ് ഹാരിസിന് പറയാനുള്ളത്.