പിണറായി വിജയൻ
തിരുവനന്തപുരം: നിയമസഭയില്‍ കേന്ദ്ര സര്‍ക്കാറിനും പ്രതിപക്ഷത്തിനുമെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിന്റെ താത്പര്യങ്ങളെ കേന്ദ്രവും സംസ്ഥാനത്തെ പ്രതിപക്ഷവും ഒരുപോലെ കൈയൊഴിയുകയാണ്. ഇപ്പോള്‍ സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തിലാണ് കേന്ദ്രത്തിന്‌റെ നീക്കമെന്നും അത് കേരളത്തെ ഞെരുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതരത്വവും മതനിരപേക്ഷതയും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ചില വിഭാഗങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ ജനിച്ചുവളര്‍ന്ന ദേശത്തുതന്നെ അന്യരാണെന്ന് പ്രഖ്യാപിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരം നല്‍കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ ചിലര്‍ തള്ളിവിടുകയാണ്. നാനജാതി മതസ്ഥരെ പ്രതിനിധാനം ചെയ്യുന്ന ഭരണാധികാരികള്‍ മതചടങ്ങുകളില്‍ പുരോഹിതരാകുന്നത് മതനിരപേക്ഷ സ്ഥാപനത്തിന്റെ അടിസ്ഥാന ശിലകള്‍ക്ക് ഇളക്കമുണ്ടാക്കുന്ന പ്രവൃത്തിയാണ്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പോരാടും.
കേന്ദ്രസര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടുചോദിക്കാന്‍ പറ്റാത്ത സാഹചര്യമായപ്പോള്‍ രാജ്യത്ത് ജനകോടികള്‍ ആരാധിക്കുന്ന ദൈവങ്ങളുടെ പേരില്‍ വോട്ടുചോദിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുമ്പില്‍വെച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോ വര്‍ഷം കഴിയുംതോറും എത്രത്തോളം നടപ്പാക്കിയെന്ന നൂതന ജനാധിപത്യരീതി 2017 മുതല്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അവലംബിച്ചുവരുന്നുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതിന്റെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സമ്മതിദായകരുടെ വോട്ട് നേടുന്നത്.
വരുമാനത്തിന്റെ നിശ്ചിതവിഹിതം മൂലധനചെലവിനായി കിഫ്ബി മുഖാന്തരം നീക്കിവെക്കാനും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കുടിശ്ശികയില്ലാതെ നല്‍കുന്നതിനുവേണ്ടി ധനസമാഹാരം നടത്താനും സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ നല്ല ഉദ്ദേശത്തോടെയായിരുന്നു. എന്നാല്‍ ഇതിനെ ചോദ്യംചെയ്ത് കേരളത്തിന്റെ വായ്പാനികുതി 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നത്. 15-ാം ധനകാര്യ കമ്മിഷന്‍റെ രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുള്ള ശുപാര്‍ശയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
കേന്ദ്രത്തിന്‍റെ ഭരണഘടനാ വിരുദ്ധമായ നടപടികളേത്തുടര്‍ന്നാണ് ഒന്നിച്ചുനിന്നു പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിനെയും ഇതിന് ക്ഷണിച്ചെങ്കിലും വലിയ വിമുഖതയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാന താത്പര്യങ്ങളോടുള്ള മുഖം തിരിച്ച് നില്‍പ്പാണിത്. നമ്മുടെ രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണിവിടെ നടക്കുന്നത്. അതില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് കോണ്‍ഗ്രസ് നടത്തിയത്. എന്നാല്‍ ഇടതുപക്ഷത്തിന് സ്വാധീനം കുറഞ്ഞ സ്ഥലങ്ങളില്‍ സംഘപരിവാറിനെ മാറ്റിനിര്‍ത്തുന്നതിനായി കോണ്‍ഗ്രസിനെ സഹായിക്കാന്‍ യാതൊരു മടിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
