1.ശശി തരൂർ, 2. പ്രതീകാത്മക ചിത്രങ്ങൾ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും നാലാം അങ്കത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശശി തരൂര്‍. യു.ഡി.എഫില്‍ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നുവരികയാണ്. കോണ്‍ഗ്രസിലാകട്ടെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഇതുവരെ ഔദ്യോഗികമായി ആരംഭിച്ചിട്ടുമില്ല. അതിനിടയിലാണ് സ്ഥാനാര്‍ഥി താന്‍ തന്നെയെന്ന് തരൂര്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയത്. തരൂര്‍ അല്ലാത്ത പക്ഷം സീറ്റ് നിലനിര്‍ത്തുക ബുദ്ധിമുട്ടാകുമെന്ന വികാരം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ യു.ഡി.എഫില്‍ മറ്റൊരു പേരിന് സാധ്യത തീരെയില്ല.

2014-ലും 2019-ലും മണ്ഡലത്തില്‍ തരൂര്‍ വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയായിരുന്നു. കേരളത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ബി.ജെ.പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായ ഏക ലോക്സഭാ മണ്ഡലവും തിരുവനന്തപുരം മാത്രമാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ തക്ക വളര്‍ച്ച നേടിയ ഏക ലോക്സഭാ മണ്ഡലമായി ബി.ജെ.പി. വിലയിരുത്തുന്നതും തിരുവനന്തപുരമാണ്. എന്നാല്‍, സുരേഷ് ഗോപി തൃശൂരില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന ശക്തമായതോടെ പാര്‍ട്ടിയുടെ ഒന്നാം മണ്ഡലമായി തൃശൂര്‍ മാറിക്കഴിഞ്ഞു. തന്നെയുമല്ല തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാനാകില്ലെന്ന് ഒ. രാജഗോപാല്‍ ഓര്‍ക്കാപ്പുറത്ത് നടത്തിയ പരാമര്‍ശവും ബി.ജെ.പിക്ക് ക്ഷീണമായി. ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലമാണ് ഇത്.

എന്നാല്‍, തരൂരിനെ വെട്ടാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ വരുമെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറയുമ്പോഴും അതാരാണെന്ന് സംസ്ഥാന നേതൃത്വത്തിനും വലിയ ധാരണകളില്ല. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ഇത്തവണ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. വിജയിക്കാന്‍ കഴിയുന്ന, ആഞ്ഞുപിടിച്ചാല്‍ കൂടെപ്പോരുമെന്ന് ബി.ജെ.പി. കരുതുന്ന എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. എന്നാല്‍ തരൂര്‍ ഫാക്ടറിനെ മറികടക്കാന്‍ തക്ക സ്ഥാനാര്‍ഥി നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ ഇല്ലായെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നുണ്ട്.

കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി ജയശങ്കര്‍, കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ പേരുകളൊക്കെയാണ് ബി.ജെ.പി. ഭാഗത്തുനിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതില്‍ ജയശങ്കറോ നിര്‍മല സീതാരാമനോ തിരുവനന്തപുരത്ത് എത്തുമെന്ന് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ അപ്രതീക്ഷിതമായി പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള പ്രമുഖനായ വ്യക്തിയെ എത്തിക്കാന്‍ കേന്ദ്രനീക്കമുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. ഇക്കാര്യത്തില്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായ എസ്. സോമനാഥിനെ ബി.ജെ.പി. നേതൃത്വം പരിഗണിക്കുന്നുണ്ടെന്ന പ്രചരണങ്ങളുമുണ്ട്.

2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 31 ശതമാനത്തിലധികം വോട്ട് കിട്ടിയിരുന്നു. 2014-ല്‍ ഒ. രാജഗോപാലിലൂടെയാണ് മണ്ഡലത്തില്‍ ബി.ജെ.പി. കരുത്ത് വര്‍ധിപ്പിച്ചത്. എന്നാല്‍ 2014-ലിലെ 15,000 വോട്ടിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ തവണ തരൂര്‍ ഒരു ലക്ഷത്തോളമാക്കി വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് നഗര മേഖലയ്ക്കപ്പുറത്ത് ബി.ജെ.പിക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ഇതിനെ മറികടക്കാന്‍ നിര്‍മല സീതാരാമന്‍ വന്നാല്‍ സാധിക്കുമെന്ന് ഒരുവിഭാഗം കരുതുന്നു. തരൂരിനെപ്പോലെ ഒരു സ്ഥാനാര്‍ഥിയെ മറികടക്കാന്‍ തക്ക സ്ഥാനാര്‍ഥിയായി സംസ്ഥാന നേതൃത്വത്തില്‍ നിലവില്‍ മറ്റൊരു പേരില്ല. അല്ലെങ്കില്‍ 2019-ല്‍ മത്സരിച്ച കുമ്മനം രാജശേഖരനെ തന്നെ മത്സരിപ്പിക്കേണ്ടി വരും. സോമനാഥാണെങ്കില്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടി വരും. അടുത്തിടെയാണ് സോമനാഥിന് കാലാവധി കേന്ദ്രം നീട്ടിക്കൊടുത്തത്. അതിനാല്‍ സോമനാഥ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത വിദൂരമാണ്.

നേരെ മറിച്ച് ഇടതുപക്ഷത്തിന് മണ്ഡലത്തില്‍ ആശങ്ക കൂടുതലാണ്. മുന്നണിയില്‍ സി.പി.ഐയ്ക്കാണ് തിരുവനന്തപുരം സീറ്റ്. ഇത് സി.പി.എം. ഏറ്റെടുക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. എന്നാല്‍, സീറ്റ് വീട്ടുകൊടുക്കാന്‍ സി.പി.ഐ. തയ്യാറായേക്കുമെന്ന് കരുതുന്നില്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഇവിടെ ബി.ജെ.പിക്ക് പിന്നില്‍ പോയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. 2019-ല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും അതിന് ശേഷവും ജില്ലയില്‍ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിനാണ് വിജയം നേടാനായത്. മാത്രമല്ല, പ്രാദേശിക തലത്തിലും ഇടതുപക്ഷത്തിന് വലിയ മേല്‍ക്കൈയുണ്ട്. ഇത്രയും സ്വാധീനമുണ്ടായിട്ടും മൂന്നാം സ്ഥാനത്താകുന്നത് ഇത്തവണ മാറ്റിയെടുത്തേ തീരു എന്ന ദൃഢനിശ്ചയത്തിലാണ് എല്‍.ഡി.എഫ്. കാലേക്കൂട്ടി അവര്‍ മുന്നൊരുക്കം നടത്തിക്കഴിഞ്ഞു. തരൂരിന് ഒത്ത എതിരാളി വേണമെന്നതാണ് ഇടതുപ്രവര്‍ത്തകരുടെ ആഗ്രഹവും. സി.പി.ഐയും അത് അഭിമാനപ്രശ്‌നമായി എടുത്തിട്ടുണ്ട്. ബെന്നറ്റ് ഏബ്രഹാമിനെ നിര്‍ത്തിയുള്ള പരീക്ഷണം 2014-ല്‍ കൈപൊള്ളി മൂന്നാമതായ നാണക്കേട് അവര്‍ക്കുണ്ടാക്കിയ ക്ഷീണം അത്ര വലുതാണ്.

സി.പി.ഐ. തന്നെയാണ് മത്സരിക്കുന്നതെങ്കില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. മറ്റൊരു പേര് ആനി രാജയുടേതാണ്. അവസാന നിമിഷം ഒരു യുവമുഖത്തെ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. ഏറ്റവും ഒടുവില്‍ 2005-ല്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷം ഇടതുപക്ഷത്തിന് തിരിച്ചുവരവ് സാധ്യമായിട്ടില്ല. കഴിഞ്ഞ തവണത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇത്തവണയെന്നും. ജില്ലയിലെ ഒന്നൊഴികെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇടത് എം.എല്‍.എമാരാണുള്ളത്. പാര്‍ട്ടി അടിത്തറ വികസിച്ചതിനാല്‍ മികച്ച സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചാല്‍ മണ്ഡലം ഒപ്പം പോരും എന്നാണ് പൊതുവേ ഇടത് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.