പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ട്രഷറി താഴിട്ടു പൂട്ടി താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിന്റെ മോശം സാമ്പത്തിക സ്ഥിതി സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോജി എം.ജോൺ അടിയന്തര പ്രമേയം അവതരിപ്പിച്ചു. എ.കെ. ആന്റണി മുണ്ടുമുറുക്കി ഉടുക്കാൻ പറഞ്ഞത് നായനാരുടെ ഭരണത്തിനുശേഷമാണ്. ഇന്ന് അതിനെക്കാൾ വലിയ സ്ഥിതിയാണെന്നും സതീശൻ പറഞ്ഞു. അതേസമയം, ചർച്ചയ്ക്കുശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ പ്രമേയം തള്ളി. ധനപ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ച ഫലം കണ്ടില്ലെന്ന് പിന്നീട് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

  • അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞത്:

സുപ്രീംകോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിൽ ട്രഷറി പൂട്ടേണ്ടിവരുമെന്നാണു സർക്കാർ പറയുന്നതെന്നു വി.ഡി.സതീശന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള രണ്ടാം ഗഡു പണം കൊടുത്തിട്ടില്ല. ഓട പണിയാൻപോലും ട്രഷറിയിൽ പണമില്ല. പഞ്ചായത്ത് പുല്ലുവെട്ടിയാൽ കൊടുക്കാനും പണമില്ല. സപ്ലൈക്കോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നവർക്കു പണം കൊടുത്തിട്ട് മാസങ്ങളായി. 18 കോടിരൂപ മാത്രമാണ് ലൈഫ് മിഷന് ഈ വർഷം കൊടുത്തത്. സർക്കാർ ജീവനക്കാർക്ക് 6 ഡിഎ കുടിശികയുണ്ട്. പെൻഷൻ കുടിശിക കിട്ടാതെ നിരവധി പെൻഷൻകാർ മരിച്ചു. കെഎസ്ആർടിസിയും കെഎസ്ഇബിയും പ്രതിസന്ധിയിലാണ്.

കേരളത്തിന് അർഹമായ വിഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്രത്തിനു നിരവധി തവണ നിവേദനം കൊടുത്തിട്ടുണ്ട്. പ്രതിപക്ഷം ഇടപെട്ടില്ലെന്ന സർക്കാർ വാദം ശരിയല്ല. എല്ലാ സാമ്പത്തിക പ്രശ്നത്തിനും കാരണം കേന്ദ്രമാണെന്നു വരുത്താനാണു സർക്കാർ ശ്രമം. ഈ സർക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ് സാമ്പത്തിക പ്രശ്നമുണ്ടാകുന്നത്. കേന്ദ്രസർക്കാർ വിഹിതം സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. 32,000 കോടിരൂപ കേന്ദ്രത്തിൽനിന്നും കിട്ടാനുണ്ടെന്നാണ് ധനമന്ത്രി 2023 ജൂലൈയിൽ കേന്ദ്രത്തിന് അയച്ച കത്തിൽ പറയുന്നത്. 5132 കോടിരൂപയാണ് തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക് പറയുന്നത്. 60,000 കോടി കിട്ടാനുണ്ടെന്നാണു പുറത്ത് പ്രചരിപ്പിക്കുന്നത്. കണക്കുകൾ പരിശോധിച്ചാൽ പരിശോധിച്ചാൽ കേന്ദ്രം ഇനി തരാനുള്ളത് 3100 കോടിരൂപയാണ്.

20‌% നികുതി വളർച്ച കൈവരിച്ചു എന്നാണ് മുഖ്യമന്ത്രി തനിക്കു അയച്ച കത്തിൽ പറയുന്നതെന്നു വി.ഡി.സതീശൻ പറഞ്ഞു. നികുതി വളർച്ച 14 ശതമാനത്തിൽ താഴെയാണെങ്കിൽ മാത്രമേ ജിഎസ്ടി നഷ്ടപരിഹാരം കിട്ടൂ. ഡിസംബർ വരെ 12% വളർച്ചയാണ് നികുതി പിരിവിൽ ഉണ്ടായത്. നിരവധിപേർ ജിഎസ്ടി വകുപ്പിൽ വെറുതെ ഇരിക്കുന്നു. നികുതിവെട്ടിപ്പുക്കാരുടെ പറുദീസയാണ് കേരളം. നികുതി വെട്ടിപ്പ് ഭീകരമാണ്. ആരും അന്വേഷിക്കാനില്ല. ഒരുകാലഘട്ടത്തിലും ഇത്രയും ഭീകരമായ നികുതി വെട്ടിപ്പ് ഉണ്ടായിട്ടില്ല. സ്വർണത്തിന്റെ നികുതി പിരിക്കാൻ സർക്കാർ തയാറാകുന്നില്ല. സംസ്ഥാനത്ത് ബാറിന്റെ എണ്ണം കൂടുന്നെങ്കിലും നികുതി കൂടുന്നില്ല.

നികുതി പിരിവിൽ ധനമന്ത്രി പരാജയപ്പെട്ടു. ഇനിയെങ്കിലും നികുതി പിരിക്കാൻ സർക്കാർ തയാറാകണം. ഐജിഎസ്ടിയിലൂടെ എല്ലാ വര്‍ഷവും 25,000 കോടിരൂപയാണ് നഷ്ടപ്പെടുത്തുന്നത്. 25,000 കോടിരൂപ ഐജിഎസ്ടിയിലൂടെ നഷ്ടപ്പെടുന്നതായി എക്സ്പെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടുണ്ട്. സർക്കാർ കേരളത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.