മോഹൻലാലിനൊപ്പം ഹരി പ്രശാന്ത്.

ലിജോ ജോസ് പെല്ലിശേരിയുടെ സിനിമകൾ പതിയെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രവും അങ്ങനെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിൽ വാലിബൻ എന്ന മല്ലനായി അഭിനയിച്ച മോഹൻലാലിനെ എതിരിടാൻ തുടക്കത്തിൽത്തന്നെ എത്തിയ കേളു മല്ലൻ എന്നൊരു കഥാപാത്രമുണ്ട്. ആറരയടിയോളം ഉയരവും അസാധാരണ വലുപ്പമുള്ള ശരീരവുമുള്ള കേളു മല്ലനെ വാലിബൻ എടുത്തെറിയുന്നതോടെയാണ് നായകന്റെ അമാനുഷികത പ്രേക്ഷകർക്ക് അനുഭവവേദ്യമാകുന്നത്.

കേളു മല്ലനായി അഭിനയിച്ചത് ‘ആട് 2’ ൽ ചെകുത്താൻ ലാസറായി എത്തി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഹരിപ്രശാന്ത് എം.ജി. ആണ്. വാലിബൻ എന്ന ചിത്രം തന്നെ തേടിയെത്തിയപ്പോൾ ശരീരഭാരം കൂട്ടണമെന്നും ഒരു മല്ലനെപ്പോലെയാകണം എന്നുമായിരുന്നു അണിയറക്കാർ പറഞ്ഞതെന്ന് ഹരിപ്രശാന്ത് പറയുന്നു.

വാലിബൻ ചെയ്യുമ്പോൾ 136 കിലോയാണ് ഹരി പ്രശാന്തിന്റെ ഭാരം. കുട്ടിക്കാലം മുതൽ ആരാധിച്ചിരുന്ന മോഹൻലാലിനെ നേരിട്ട് കണ്ടപ്പോൾ ചിരപരിചിതമായ ഒരു സുഹൃത്തിനെപ്പോലെയാണ് അദ്ദേഹം പെരുമാറിയതെന്നും മോഹൻലാലിനൊപ്പം അഭിനയിച്ചത് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു എന്നും ഹരിപ്രശാന്ത് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മലൈക്കോട്ടൈ വാലിബൻ’ മലയാളത്തിലെ ബഞ്ച്മാർക്ക് ‘

മലൈക്കോട്ടൈ വാലിബൻ’ ചരിത്രമാകാൻ പോകുന്ന സിനിമയാണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. മനോഹരമായ പെയിന്റിങ് പോലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. ജീവിതത്തിൽ ഇനി ഇതിലും നല്ല ഒരു അവസരം കിട്ടുമെന്ന് ഞാൻ കരുതുന്നില്ല. മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണിത്. ലിജോയെപ്പോലെ ഒരു സംവിധായകനും മോഹൻലാലിനെപോലെ ഒരു നടനും ചെയ്ത സിനിമ എന്നതിന് പുറമെ സിനിമയുടെ അണിയറപ്രവർത്തകർ കൂടുതലും അവാർഡ് ജേതാക്കൾ ആയ മികച്ച കലാകാരന്മാരാണ്. അങ്ങനെ ഒരു ടീം ആണ് വാലിബനിലേത്. ക്യാമറ, വസ്ത്രാലങ്കാരം, കലാസംവിധാനം, സംഗീതം– ഈ നാല് ഡിപ്പാർട്മെന്റിന്റെ വിളയാട്ടമാണ് മലൈക്കോട്ടൈ വാലിബനിൽ കാണുന്നത്.

ഇന്ത്യൻ സിനിമയിൽത്തന്നെ ഈ നാല് ഡിപ്പാർട്മെന്റും ഒരുപോലെ മികച്ച രീതിയിൽ ചെയ്യുന്നത് ആദ്യമായിരിക്കും. ഞാനിപ്പോൾ ഖത്തറിലാണ്. ആദ്യ ദിവസം തന്നെ തിയറ്ററിൽ പോയി വാലിബൻ കണ്ടു. തിയറ്റർ അത്ര നല്ലതല്ലായിരുന്നു. എന്നിട്ടും ഞാൻ സിനിമ ആസ്വദിച്ചു. അടുത്ത ദിവസം എന്റെ കുറച്ചു സുഹൃത്തുക്കളുമായി വേറൊരു തിയറ്ററിൽ പോയി കണ്ടു. മൂന്നാമത്തെ ദിവസം ഞാൻ എന്റെ ഒരു നോർത്ത് ഇന്ത്യൻ സുഹൃത്തിനും കുടുംബത്തിനുമൊപ്പം പോയി സിനിമ കണ്ടു. അവർക്ക് മലയാളം കുറച്ച് അറിയാം. സുഹൃത്തും ഭാര്യയും അവരുടെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകനുംനും ഏഴു വയസ്സുള്ള മകളും ഒപ്പമുണ്ടായിരുന്നു. ഖത്തറിലെ ഏറ്റവും നല്ല തിയറ്ററിലാണ് പോയത്. ആ ഏഴു വയസ്സുകാരി സിനിമ ആസ്വദിച്ചു കണ്ടു എന്നതാണ് പടത്തിന്റെ വിജയം. ഇതൊരു മുത്തശ്ശിക്കഥയാണെന്ന് ലിജോ പറയുന്നതിന്റെ നേർക്കാഴ്ചയാണ് ഞാനവിടെ കണ്ടത്.

മലയാളിയല്ലാത്ത ആ കുട്ടി വലിയ താൽപര്യത്തോടെ ‘അങ്കിൾ, അതെന്താ, ഇതെന്താ,’ എന്ന് ചോദിച്ച് വളരെ ആസ്വദിച്ച് പടം കണ്ടു. ഒരു നിഷ്കളങ്കയായ കുട്ടി ആ സിനിമ ആസ്വദിച്ചു കാണുമ്പോൾ, ഇവിടെയുള്ള ഒരു പ്രേക്ഷകന് ആ സിനിമ ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് പറയുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. ചില ഓൺലൈൻ റിവ്യൂവർമാർ പറയുന്നത് കേട്ടിട്ട് ഇവരൊക്കെ എന്താണ് ഇങ്ങനെ പറയുന്നത് എന്ന് തോന്നിപ്പോയി. സിനിമയാണ്, ആർക്കും എന്തും പറയാം എന്ന അവസ്ഥയാണ്. സിനിമ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. ഇൻട്രോ ഫൈറ്റ് തന്നെ വളരെ നല്ലതായിരുന്നു. ലാൽ സാറിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും മികച്ച ഇൻട്രോ, പുള്ളി ഒരു അമാനുഷികനാണെന്ന് കാണിക്കുന്ന ഇൻട്രോ ആയിരുന്നു. ഭയങ്കര പ്രതികരണമാണ് കിട്ടുന്നത്. കേളു മല്ലൻ കലക്കി, എന്തൊരു സ്ക്രീൻ പ്രെസൻസ് ആണ് എന്ന തരത്തിൽ ഒരുപാട് ഫോൺ കോളും മെസ്സേജുകളും കിട്ടുന്നുണ്ട്. പക്ഷേ ക്രെഡിറ്റ് എല്ലാം മറ്റുള്ളവരുടേതാണ്. ഈ സിനിമയിൽ പ്രവർത്തിച്ച മറ്റുള്ളവർ ഇല്ലെങ്കിൽ കേളു മല്ലൻ ഇല്ല.

ലിജോയുടെ പടമുണ്ട്, ശരീരഭാരം കൂട്ടണം’

ലിജോ ഈ പടം കുറേക്കാലം മുൻപേ പ്ലാൻ ചെയ്തതാണ്. ആ സമയത്താണ് ലിജോയുടെ അസിസ്റ്റന്റ് ആൻസൺ എന്നെ വിളിച്ച് ‘‘ലിജോ പടത്തിൽ ഒരു റോളുണ്ട്, കഥാപാത്രത്തിന് നല്ല സൈസ് വേണം, മെയ് വഴക്കം വേണം. ആട് 2 ൽ ഉണ്ടായിരുന്ന സൈസിനെക്കാൾ കൂട്ടാൻ പറ്റുമോ?’’ എന്ന് ചോദിച്ചത്. ഞാൻ പറഞ്ഞു ‘‘കുഴപ്പമില്ല സമയം ഉണ്ടെങ്കിൽ ചെയ്യാം.’’ കോവിഡ് സമയം ആയിരുന്നു. അധികം ജിം ഒന്നും തുറക്കാറില്ല. ആൻസൺ പറഞ്ഞു, ‘‘ഞങ്ങൾ ഇപ്പോൾ ഒരു ചെറിയ പടം കൂടി ചെയ്യുന്നുണ്ട്. അത് കഴിഞ്ഞാണ് ഇത് ചെയ്യുന്നത്. അതിനിടയിൽ ബോഡി സൈസ് വയ്ക്കണം’’. ‘നൻപകൽനേരത്ത് മയക്കം’ ആണ് അവർ ഇതിനിടയിൽ ചെയ്തത്. നാലു മാസം സമയം ഉണ്ടായിരുന്നു. ഞാൻ ഡയറ്റ് മാറ്റി, കാർഡിയോ കുറച്ചു, ജിമ്മിൽ സമയം കൂട്ടി അങ്ങനെ പലതും ചെയ്താണ് ശരീരഭാരം കൂട്ടിയത്. തുടങ്ങുന്നതിനു മുൻപ് 114 കിലോ ആയിരുന്നു ഭാരം. വാലിബൻ ചെയ്യുമ്പോൾ 136 കിലോ ആയി. കാർഡിയോ അധികം ചെയ്യാതെ തടി കൂട്ടി.

എന്നോട് പറഞ്ഞിരുന്നത് ബോഡി ബിൽഡിങ് ചെയ്യുന്നവരെ പോലെയാകരുത്, കുറച്ചു തടി വേണം എന്നാണ്. മല്ലൻ ആണല്ലോ. മല്ലന്മാർക്ക് ശരീരത്തിൽ കുറച്ച് ഫാറ്റ് ഉണ്ടാകും. അത്തരത്തിലാണ് ശരീരത്തെ മാറ്റിയെടുത്തത്. ഞാൻ ജോലി ചെയ്യുന്നത് സ്പോർട്സ് സംബന്ധമായ ഒരു സ്ഥാപനത്തിലാണ്. ഞങ്ങളാണ് വേൾഡ് കപ്പ് ഫുട്ബാൾ ഒക്കെ നടത്തിയത്. ഇവിടെ ജിമ്മും ന്യൂട്രീഷൻ എക്സ്പെർട്സും ഉണ്ട്. അത്യാവശ്യത്തിനു ഞാൻ അവരോടൊക്കെ ഉപദേശം ചോദിച്ചിട്ടുണ്ട്. ആട് 2 ചെയ്യുമ്പോൾ ഞാൻ ശരീരഭാരം കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റി ഒരു ഐഡിയ ഉണ്ടായിരുന്നു.

രാജസ്ഥാനിലെ സ്ഥലങ്ങളും സംസ്കാരവും

രാജസ്ഥാനിൽ ജയ്‌സൽമേർ ആയിരുന്നു ലൊക്കേഷൻ. രണ്ടാഴ്ച ഉണ്ടായിരുന്നു എന്റെ ഷെഡ്യൂൾ. എല്ലാ സിനിമകളെയും പോലെ എളുപ്പത്തിൽ എടുത്തുപോകുന്ന രീതി ആയിരുന്നില്ല. പതിയെപ്പതിയെ ആണ് ഓരോ സീനും എടുത്തത്. തുടക്കത്തിൽ ഞാൻ മുകളിൽനിന്ന് ചാടുന്ന സീൻ ഉണ്ട്. വിക്രം മൂർ ആണ് ഫൈറ്റ് മാസ്റ്റർ. ഒന്നുരണ്ടു ദിവസം നമ്മളെ പ്രാക്ടീസ് ചെയ്യിക്കും. ലാൽ സാർ എന്നെ എടുത്തെറിയുന്ന സീൻ ഒരുപാട് റിഹേഴ്സൽ ചെയ്തു. കാരണം അത് ചെയ്യുമ്പോൾ എനിക്ക് പേടി ഉണ്ടാകരുത്. അങ്ങനെ ഒരുപാട് ദിവസം എടുത്തു. എന്റെ വസ്ത്രം ഒരു ചെറിയ മുണ്ടു പോലുള്ളതായതിനാൽ ഫൈറ്റിനു വേണ്ട ഹാർനെസ്സ് ഒന്നും അധികം ഉപയോഗിക്കാൻ പറ്റില്ല. സാധാരണ ഫൈറ്റ് ചെയ്യുമ്പോൾ ഡ്രസ്സിൽ ഒരു ഹാർനെസ് പിടിപ്പിക്കും. പക്ഷേ എന്റെ വസ്ത്രം ഇതായതുകൊണ്ട് അത് പറ്റില്ല. നമ്മളെ എടുത്തുപൊക്കുമ്പോൾ കറങ്ങിപ്പോകും എവിടെങ്കിലും ചെന്ന് ഇടിക്കും. കാണുമ്പോൾ സിംപിൾ ആയി തോന്നുമെങ്കിലും വളരെ കഷ്ടപ്പെട്ടാണ് അതൊക്കെ ചെയ്‌തത്‌. കടുത്ത തണുപ്പായിരുന്നു അവിടെ. രാവിലെ 7 മണിക്ക് സെറ്റിൽ ചെല്ലുമ്പോൾ കിടുകിടാ വിറക്കും. എനിക്ക് ഡ്രസ്സും അധികം ഇല്ലല്ലോ. പിന്നെ ഞാൻ തണുപ്പ് സഹിച്ചു ശീലിച്ചു. അല്ലെങ്കിൽ ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ വിറയ്ക്കുമല്ലോ. ലാൽ സാർ ചോദിക്കും ‘‘ഹരി സർ എന്താണ് ഒന്നും പുതയ്ക്കാതെ നിൽക്കുന്നതെന്ന്’’.

സൂപ്പർ താരത്തിനു മുന്നിലാണെന്നു തോന്നിയില്ല

മോഹൻലാൽ സാറിനൊപ്പം അഭിനയിച്ചത് എനിക്കിപ്പോഴും ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ്. ഞാൻ ആദ്യമായാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത്. മമ്മൂക്കയോടൊപ്പം രണ്ടു പടം ചെയ്തിട്ടുണ്ട്. ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ഹീറോ ആയിരുന്നല്ലോ ഇവരൊക്കെ. ആരെങ്കിലും പേര് ചോദിക്കുമ്പോൾ ‘സാഗർ ഏലിയാസ് ജാക്കി’ എന്ന് പറയുന്ന കാലം നമുക്കും ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരു മനുഷ്യനോടൊപ്പം അഭിനയിക്കുക എന്നത് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ നമുക്ക് ഒരിക്കലും മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ മുന്നിലാണ് നിൽക്കുന്നത് എന്ന് തോന്നുകയേ ഇല്ല. അദ്ദേഹം നമ്മളെ വളരെ കംഫര്‍ട്ടബിൾ ആകും. നമ്മുടെ കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കും, ‘വാ ഇവിടെ ഇരിക്ക് ഹരി സർ’ എന്ന് പറയും. ഹരി സർ എന്നാണ് അദ്ദേഹം എന്നെ വിളിച്ചിരുന്നത്.

ഇത്രയും സിംപിൾ ആയ മനുഷ്യൻ വേറെ ഉണ്ടോ എന്ന് തോന്നും. ‘ഈ തടി ഈ സിനിമയ്ക്കു വേണ്ടി കൂട്ടിയതാണോ, ഇനി കുറയ്ക്കണ്ടേ’ എന്നൊക്കെ ചോദിച്ചു. ഒരു സുഹൃത്തിനോടൊപ്പം സംസാരിക്കുന്നു എന്നേ തോന്നിയുള്ളൂ. സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ കുറച്ചു ജൂനിയർ ആയ താരങ്ങൾ പോലും ഒരു ഹലോ പറഞ്ഞ് സംസാരിക്കാതെ പോവുകയാണ് പതിവ്. നമ്മുടെ മുന്നിൽ നിൽക്കുന്നത് അഭിനയത്തിന്റെ ഒരു സർവകലാശാല ആണ്. ആ ഒരു സമാധാനം നമുക്കുണ്ട്. നമുക്ക് പറ്റാത്തത് വരുമ്പോൾ ചെറിയ ടിപ്സ് ഒക്കെ തരും. വളരെ ലൈറ്റ് ആയി ചെയ്യുന്നത് ക്യാമറയിൽ വരുമ്പോൾ ഭീകരമായി തോന്നുന്ന ചെറിയ ഐറ്റംസ് ഒക്കെ അദ്ദേഹത്തിനുണ്ട്. അതൊക്കെ പറഞ്ഞു തരും. അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരമായിരുന്നു.

ഗുസ്തിക്കിടയിൽ അനുവാദം ചോദിക്കുന്ന മോഹൻലാൽ

ഞങ്ങളുടെ ഫൈറ്റിനിടയിൽ ഞാൻ കിക്ക്‌ ചെയ്യുമ്പോൾ അദ്ദേഹം എന്റെ കാലിനടിയിൽ കൂടി റോൾ ചെയ്തു പോകണം. ഞാൻ വലതുകാൽ കൊണ്ട് കിക്ക്‌ ചെയ്യുമ്പോൾ അദ്ദേഹം ഇടത്തെ തോൾ കൊണ്ട് റോൾ ചെയ്തു പോകണം. അത് അദ്ദേഹത്തിന് അത്ര സുഖകരമായിരുന്നില്ല. അദ്ദേഹം ചോദിച്ചു, ‘‘ഹരി സർ നമുക്ക് ഇത് തിരിച്ചു ചെയ്യാമോ?. ഞാൻ വലത്തേക്ക് ഉരുണ്ടുപോയാൽ സാറിന് കുഴപ്പമുണ്ടോ?’’. സിനിമയിൽ ഒന്നുമല്ലാത്ത എന്റെ അനുവാദം അദ്ദേഹം ചോദിക്കുകയാണ്. ഞാൻ കാലു പൊക്കുമ്പോൾ അദ്ദേഹം ചോദിച്ചു ‘ഓക്കേ ആണല്ലോ അല്ലേ?’. ഞാൻ ഓക്കേ പറഞ്ഞപ്പോഴാണ് ഫൈറ്റ് മാസ്റ്ററിനോട് ‘സാർ ഞങ്ങൾ ഇങ്ങനെ ചെയ്യാം’ എന്ന് പറഞ്ഞത്. ഇങ്ങനെയൊന്നും ആരും ചെയ്യില്ല. സൂപ്പർസ്റ്റാർ മോഹൻലാൽ എന്തിന് എന്നോടു ചോദിക്കണം. അദ്ദേഹം അങ്ങ് ചെയ്യും, ഞാൻ നേരെ ചെയ്തില്ലെങ്കിൽ എനിക്ക് ചീത്ത കേൾക്കും, പക്ഷേ അദ്ദേഹം അങ്ങനെ അല്ല. മനുഷ്യത്വം ഉള്ള ആളാണ്. അവിടെ നിൽക്കുന്ന ഓരോ മനുഷ്യരെയും തുല്യരായാണ് കാണുന്നത്. ഞാൻ ഒരു ഹാർഡ് കോർ ലാൽ ഫാൻ ആയിരുന്നു. ഇപ്പോൾ ഞാൻ ഒന്നുകൂടി ഫാൻ ആയി.