പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷ പെ ചർച്ച 2024 ൽ സംസാരിക്കുന്നു | Photo : PTI
ന്യൂഡല്‍ഹി: കുട്ടികളിലെ പരീക്ഷാസമ്മര്‍ദം കുറയ്ക്കുന്നതിനും രക്ഷകര്‍ത്താക്കളും അധ്യാപകരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച ‘പരീക്ഷ പെ ചര്‍ച്ച 2024’ (പിപിസി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹവിദ്യാര്‍ഥികളുമായോ സഹോദരങ്ങളുമായോ ഒരു പരിധിക്കപ്പുറമുള്ള താരതമ്യപ്പെടുത്തല്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും അതിനാല്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാനസികസമ്മര്‍ദമേറുന്നതിനൊപ്പം അതിനെ മറികടക്കാന്‍ ഒരു വ്യക്തി ഒരുങ്ങിയിരിക്കണമെന്നും അതിനുവേണ്ടി മുന്‍കൂറായിത്തന്നെ തയ്യാറായിരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവിധ ലോകരാഷ്ട്ര നേതാക്കള്‍ രണ്ട് ദിവസമിരുന്ന് ലോകത്തിന്റെ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്ത സ്ഥലത്താണ് വിദ്യാര്‍ഥികള്‍ പിപിസി 2024 നായി. എത്തിയിരിക്കുന്നതെന്നും ഇന്നവര്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയുടെ ഭാവിയെക്കുറിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിവിധ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കി.
പിപിസിയുടെ ഏഴാമത് പതിപ്പാണ് ഡല്‍ഹിയില്‍ നടക്കുന്നത്. പരിപാടിയില്‍ തങ്ങളുടെ സാങ്കേതികവൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനെത്തിയ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഷികപരീക്ഷയ്ക്ക് മുമ്പ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാകൊല്ലവും സംഘടിപ്പിക്കുന്ന പിപിസിയിലൂടെ പ്രധാനമന്ത്രി മോദി നല്‍കിവരുന്നു.പരീക്ഷാപോരാളികള്‍( Exam Warriors) എന്ന പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിവരുന്നത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും സമ്മര്‍ദരഹിതമായ പരിസ്ഥിതിയൊരുക്കുക എന്നതാണ് Exam Warriors ന്റെ ലക്ഷ്യം.
