ന്യൂഡല്‍ഹി: നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസില്‍ കീഴടങ്ങാന്‍ പത്തു ദിവസത്തെ സമയം സുപ്രീം കോടതി അനുവദിച്ചു.
ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
എന്‍.ഐ.എയുടെ അഭിഭാഷകന്‍ ആയിരുന്ന മനു, നിരവധി പ്രമാദമായ കേസുകളില്‍ അന്വേഷണ ഏജന്‍സിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷകന്‍ എം.ആര്‍. അഭിലാഷും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മനു അധികാര സ്ഥാനത്ത് ഇരുന്ന വ്യക്തി ആണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കീഴടങ്ങിയാല്‍ അന്ന് തന്നെ മനുവിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും, അന്ന് തന്നെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിജീവിതയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷക ശോഭ ഗുപ്ത, അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ എന്നിവര്‍ ഹാജരായി.
