ഇസ്രയേൽ നാവികസേനയുടെ കപ്പൽ ചെങ്കടലിൽ നിരീക്ഷണം നടത്തുന്നു. (Photo by Alberto PIZZOLI / AFP)
വാഷിങ്ടൻ∙ ഏദൻ ഉൾക്കടലിൽ യുഎസ് യുദ്ധക്കപ്പലിനും ബ്രിട്ടിഷ് എണ്ണക്കപ്പലിനും നേരെയുണ്ടായ ഹൂതി അക്രമണത്തിൽ കപ്പലുകൾക്ക് തീപിടിച്ചു. ബ്രിട്ടിഷ് എണ്ണക്കപ്പലായ മർലിൻ ലുവാൻഡയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ട്രേഡിങ് സ്ഥാപനമായ ട്രാഫിഗുരയുടെ ഉടസ്ഥതയിലുള്ളതാണ് കപ്പൽ. ചെങ്കടലിലൂടെ കടന്നുപോകുമ്പോൾ കപ്പലിനു നേരെ മിസൈലാക്രമണം ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചു.
റഷ്യയിൽനിന്നുള്ള ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. സൈനിക കപ്പൽ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണയ്ക്കാൻ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പൽ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് കാർണിക്കു നേരെയാണ് ഹൂതി ആക്രമണമുണ്ടായത്. ഗാസയിൽ ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾക്ക് മറുപടിയായാണ് ചെങ്കടലിലൂടെ പോയ കപ്പലുകളെ ഹുതികൾ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.
