രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ബാറ്റിങ്ങിനിടെ. Photo: X@IndianCricketTeam.

ഹൈദരാബാദ്∙ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 190 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 121 ഓവറിൽ 436 റണ്‍സെടുത്തു പുറത്തായി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 246 റൺസിനു പുറത്തായിരുന്നു. മൂന്നാം ദിവസം ഏഴു വിക്കറ്റ് നഷ്ടത്തിൽ 421 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ശനിയാഴ്ച 15 റൺസ് എടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടമായി.

സ്കോർ 436ൽ നിൽക്കെ ഇന്ത്യയുടെ മൂന്നു താരങ്ങൾ പുറത്തായി. 180 പന്തിൽ 87 റൺസെടുത്ത രവീന്ദ്ര ജഡേജ ജോ റൂട്ടിന്റെ പന്തിൽ എൽബിഡബ്ല്യു ആകുകയായിരുന്നു. തൊട്ടുപിന്നാലെ റെഹാൻ അഹമ്മദിന്റെ പന്തിൽ ബോൾഡായി അക്ഷർ പട്ടേലും മടങ്ങി. 100 പന്തിൽ 44 റൺസാണു താരം നേടിയത്. ജസ്പ്രീത് ബുമ്ര നേരിട്ട ആദ്യ പന്തിൽ ബോൾഡായി. ഇംഗ്ലണ്ടിനായി ജോ റൂട്ട് നാലു വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാം ദിവസം തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിനെ ഇന്ത്യയ്ക്കു നഷ്ടമായിരുന്നു. ജോ റൂട്ട് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് ജയ്സ്വാളിനെ പുറത്താക്കുകയായിരുന്നു. 74 പന്തുകളിൽനിന്ന് 80 റൺസാണ് ജയ്സ്വാൾ നേടിയത്. 66 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ ടോം ഹാർട്‍ലിയുടെ പന്തിൽ ബെൻ ഡക്കറ്റ് ക്യാച്ചെടുത്തു പുറത്തായി. മധ്യനിരയിൽ കെ.എൽ. രാഹുലും ശ്രേയസ് അയ്യരും കൈകോർത്തതോടെ ഇന്ത്യൻ സ്കോർ 200 പിന്നിട്ടു. 223 ൽ നിൽക്കെയാണ് അയ്യരുടെ മടക്കം. 63 പന്തിൽ 35 റൺസെടുത്ത താരത്തെ പുറത്താക്കിയത് ഇംഗ്ലിഷ് സ്പിന്നർ റെഹാൻ അഹ്മദാണ്. മികച്ച രീതിയിൽ ബാറ്റു ചെയ്ത കെ.എൽ. രാഹുലിന് സെഞ്ചറിയിലെത്താൻ സാധിച്ചില്ല.

123 പന്തുകൾ നേരിട്ട രാഹുൽ 86 റൺസിൽ പുറത്തായി. ശ്രീകർ ഭരത് 81 പന്തിൽ 41 റണ്‍സെടുത്തു പ്രതിരോധിച്ചുനിന്നു. ജോ റൂട്ടിന്റെ പന്തിൽ താരം എൽബിഡബ്ല്യു ആകുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ആർ. അശ്വിൻ റൺഔട്ടായി. രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തിനിടെ ടോം ഹാർട്‍ലിയും വിക്കറ്റ് കീപ്പര്‍ ബെൻ ഫോക്സും ചേർന്നു താരത്തെ പുറത്താക്കുകയായിരുന്നു. തുടർ‌ന്നാണ് രവീന്ദ്ര ജഡേജ– അക്ഷർ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് കരുത്തായി എത്തുന്നത്.

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 246 റൺസാണു നേടിയത്. അർധ സെഞ്ചറി നേടിയ ബെൻ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. 88 പന്തുകൾ നേരിട്ട ഇംഗ്ലിഷ് ക്യാപ്റ്റൻ 70 റൺസെടുത്തു പുറത്തായി. ജോണി ബെയര്‍സ്റ്റോ (58 പന്തിൽ 37), ബെൻ ഡക്കറ്റ് (39 പന്തിൽ 35) ജോ റൂട്ട് (60 പന്തിൽ 29), ടോം ഹാര്‍ട്‍ലി (24 പന്തിൽ 23) എന്നിവരാണ് ഇംഗ്ലണ്ട് നിരയിലെ മറ്റു പ്രധാന സ്കോറർമാർ.