ഫ്ലോറിഡയിലെ വസതിയിൽ മാധ്യമങ്ങളെയും അണികളെയും അഭിസംബോധന ചെയ്യുന്ന ഡോണൾഡ് ട്രംപ്. (Photo by CHANDAN KHANNA / AFP)
വാഷിങ്ടൻ∙ മാധ്യമപ്രവർത്തക ഇ. ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതി വിധി. 83 മില്യൻ ഡോളർ (ഏകദേശം 689 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ജീൻ കാരൾ ആവശ്യപ്പെട്ടതിലും എട്ടിരട്ടിയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്. വിധി വരും മുൻപേ ട്രംപ് കോടതിയിൽനിന്ന് ഇറങ്ങിപ്പോയി. വിധിയെ പരിഹസിച്ച ട്രംപ് അപ്പീൽ പോകുമെന്നും അറിയിച്ചു.
2019ലാണ് ട്രംപ് കാരളിനെതിരെ ആരോപണം ഉന്നയിച്ചത്. 30 വർഷം മുൻപ് ഡിപ്പാർട്മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് പീഡിപ്പിച്ചെന്നു കാരൾ വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു കേസിനാസ്പദമായ സംഭവം. കാരളിന്റെ ആരോപണങ്ങൾ നിഷേധിച്ച ട്രംപ് അവർ തന്റെ ‘തരക്കാരി’ അല്ലെന്നും കുടുക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. കാരളിന്റെ പരാതി വ്യാജമാണെന്നും ട്രംപ് പറഞ്ഞിരുന്നു. കാരളിനെ കണ്ടിട്ടില്ലെന്നും പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള ജീന്‍ കാരളിന്റെ തന്ത്രമാണ് ഇതെന്നും ആരോപിക്കുകയുണ്ടായി.
23 വർഷം മുൻപു തന്നെ പീഡിപ്പിച്ചെന്നാണ് ഫാഷൻ മാസികയിൽ എഴുത്തുകാരിയായ ജീൻ കാരൾ 2019ൽ ആരോപണം ഉന്നയിച്ചത്. തന്റെ പുസ്തകത്തിലാണ് ജീൻ ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. ‘‘95ലോ 96ലോ ആയിരുന്നു സംഭവം. മാൻഹാറ്റനിലെ ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിൽ ഷോപ്പിങ് നടത്തുമ്പോഴാണു ട്രംപിനെ കണ്ടത്. അന്ന് ട്രംപ് റിയൽ എസ്റ്റേറ്റ് വ്യവസായ പ്രമുഖനാണ്. സൗഹൃദഭാവത്തിലായിരുന്നു തുടക്കം. പിന്നീടു ഡ്രസ്സിങ് റൂം വാതിൽ അടച്ച് അയാൾ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. വീട്ടിൽ നിന്നു പുറത്താക്കുമെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും ഭയപ്പെട്ടതിനാൽ പൊലീസിൽ പരാതിപ്പെട്ടില്ല.’’–എന്നാണ് കാരൾ പറഞ്ഞത്.
