പെരിക്കല്ലൂരിൽ നിർമിച്ച യാർഡിൽ നിർത്തിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ.
- 1979-ലാണ് പെരിക്കല്ലൂരിലേക്ക് ആദ്യമായി ഒരു ദീര്‍ഘദൂര ബസ് സര്‍വീസ് അനുവദിച്ചുകിട്ടിയത്. അതും കോട്ടയത്തേക്ക്. തെക്കുനിന്ന് കുടിയേറിയെത്തിയവര്‍ക്ക് തങ്ങളുടെ നാടുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായിരുന്നു ഈ ബസ് സര്‍വീസ്.
വയനാട്ടിലേക്ക് കുടിയേറാനായി 65 വര്‍ഷം മുമ്പ് ഏലമ്മ ഭര്‍ത്താവ് ലൂക്കയ്‌ക്കൊപ്പം കൂത്താട്ടുകുളത്തുനിന്ന് ചുരംകയറിയെത്തുമ്പോള്‍ ഇവിടം ഒരു ആനക്കാടായിരുന്നു. പെരിക്കല്ലൂരില്‍ അന്ന് മനുഷ്യവാസംപോലുമില്ല. കര്‍ണാടകയിലെ ബൈരക്കുപ്പവഴി, കബനി നദി കടന്നാണ് അന്ന് ഇവിടേക്ക് യാത്രചെയ്തിരുന്നത്. ചുറ്റിലും കാടും വന്യമൃഗങ്ങളും നിറഞ്ഞ അന്നത്തെ പേടിപ്പെടുത്തുന്ന അന്തരീക്ഷം ഏലമ്മ ഓര്‍ത്തെടുക്കുമ്പോള്‍, വീടിനുമുന്നിലെ യാര്‍ഡില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂരബസുകള്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുകയാണിന്ന്. പെരിക്കല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി നിര്‍മിച്ച ബസ് യാര്‍ഡിന് മുന്നിലാണ് ഏലമ്മയുടെ വീട്.
ഏലമ്മയുടെ കുടുംബം കുടിയേറിയെത്തുമ്പോള്‍ ഈ നാട്ടില്‍ ആകെയുണ്ടായിരുന്നത് ഒമ്പത് കുടുംബങ്ങളായിരുന്നു. ഓരോവര്‍ഷം കഴിയുന്തോറും ഇവിടേക്ക് കുടിയേറിയെത്തുന്നവരുടെ എണ്ണം കൂടിക്കൂടിവന്നു. അങ്ങനെ കാലക്രമേണ പെരിക്കല്ലൂര്‍ മനുഷ്യവാസമുള്ള ഒരുനാടായി രൂപാന്തരപ്പെട്ടു. കുടിയേറ്റക്കാരില്‍ ഭൂരിപക്ഷക്കാരായ ക്രിസ്ത്യാനികള്‍ ചേര്‍ന്ന് 1957-ല്‍ സെയ്ന്റ് തോമസ് പള്ളി പണിതു. അത് ഈ നാടിന്റെ പുരോഗതിക്കായി സെയ്ന്റ് തോമസ് ദേവാലയവും അവിടെ മാറിമാറിയെത്തിയ വികാരിമാരും നല്‍കിയ സംഭാവനകള്‍ ചെറുതല്ല.
വാഹനസൗകര്യമില്ലാത്തതിനാല്‍ ഏലമ്മയുടെ ആറ് മക്കളടക്കം പ്രദേശത്തെ കുട്ടികളെല്ലാം പുല്പള്ളിയിലേക്ക് നടന്നുപോയാണ് വിദ്യാഭ്യാസം നേടിയിരുന്നത്. പോകപ്പോകെ ഇവിടേക്ക് റോഡുവന്നു. പിന്നാലെ ആനവണ്ടിയും. എ. 815, എ. 713 എന്നീ നമ്പറുകളിലുള്ള രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളാണ് പെരിക്കല്ലൂരില്‍നിന്നും ആദ്യകാലത്ത് സര്‍വീസ് നടത്തിയിരുന്നത്. പരിക്കല്ലൂര്‍-പുല്പള്ളി-ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ഈ ബസുകളെ ആശ്രയിച്ചായിരുന്നു അന്നത്തെ നാട്ടുകാരുടെ ജീവിതം.

1979-ല്‍ പെരിക്കല്ലൂരില്‍നിന്ന് സര്‍വീസ് തുടങ്ങിയ ആദ്യബസിന് നാട്ടുകാര്‍ സ്വീകരണം നല്‍കിയപ്പോള്‍.
1979-ലാണ് പെരിക്കല്ലൂരിലേക്ക് ആദ്യമായി ഒരു ദീര്‍ഘദൂര ബസ് സര്‍വീസ് അനുവദിച്ചുകിട്ടിയത്. അതും കോട്ടയത്തേക്ക്. തെക്കുനിന്ന് കുടിയേറിയെത്തിയവര്‍ക്ക് തങ്ങളുടെ നാടുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായിരുന്നു ഈ ബസ് സര്‍വീസ്. ഏലമ്മയടക്കം ഈ നാട്ടിലെ കുടിയേറ്റക്കാരെല്ലാം ഈ കോട്ടയം ബസില്‍ കയറിയാണ് നാട്ടിലേക്കുപോയിരുന്നത്. അങ്ങനെ കെ.എസ്.ആര്‍.ടി.സി. ബസുകളോട് പെരിക്കല്ലൂരുകാര്‍ക്ക് അടങ്ങാത്ത പ്രണയമായി. നാട്ടുകാരുടെ നിരന്തര ഇടപെടലുകളുടെ ഭാഗമായി പിന്നെയും ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ അനുവദിക്കപ്പെട്ടു.
കുടിയേറിയെത്തിയവരുടെ വേരുകളെ പരസ്പരം കോര്‍ത്തുനിര്‍ത്തുന്ന കണ്ണികളാണ് ഇവിടത്തെ കെ.എസ്.ആര്‍.ടി.സി.യുടെ ബസുകള്‍. കേരള- കര്‍ണാടക അതിര്‍ത്തിയിലെ കബനി നദിക്കരയോട് ചേര്‍ന്നുള്ള കൊച്ചുഗ്രാമമായ പെരിക്കല്ലൂരിലെത്തിയാല്‍ കോട്ടയത്തേക്കും പൊന്‍കുന്നത്തേക്കുമെല്ലാമുള്ള ബസുകള്‍, തൊട്ടടുത്ത നാട്ടിലേക്കുള്ള ബസുകളെപ്പോലെ ഇവിടെ യാത്രക്കാരെ കാത്തുകിടക്കുന്നത് കാണാം.
ആനവണ്ടി പ്രേമം
കുടിയേറ്റത്തോളം പഴക്കമുള്ളതാണ് പെരിക്കല്ലൂരുകാരുടെ ആനവണ്ടിപ്രേമം. പണ്ടൊരിക്കല്‍ ഇവിടേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയപ്പോള്‍ ആ ബസ് പിടിച്ചെടുത്ത് സര്‍വീസ് പുനരാരംഭിപ്പിച്ചവരാണ് പെരിക്കല്ലൂരുകാര്‍. ശക്തന്‍നാടാര്‍ ഗതാഗതമന്ത്രിയായിരുന്ന കാലത്താണ് പെരിക്കല്ലൂരില്‍നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നിര്‍ത്തലാക്കിയത്. ഈ സര്‍വീസ് വിട്ടുകൊടുക്കാതിരിക്കാന്‍, ബസ് നിര്‍ത്തിയിട്ടിരുന്ന പള്ളിമുറ്റത്തെ ഗേറ്റ് നാട്ടുകാര്‍ ചേര്‍ന്ന് പൂട്ടിയിട്ടു. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിനിധികള്‍ നേരെ തിരുവനന്തപുരത്തേക്ക് വെച്ചുപിടിച്ചു. മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും നേരില്‍ക്കണ്ട് ചര്‍ച്ചനടത്തി കോട്ടയം സര്‍വീസ് നിലനിര്‍ത്താന്‍ അവര്‍ അനുമതിവാങ്ങിച്ചു. ഇങ്ങനെ എക്കാലവും കെ.എസ്.ആര്‍.ടി.സി. ബസുകളെ നെഞ്ചോടുചേര്‍ത്തവരാണ് പെരിക്കല്ലൂരുകാര്‍.

കെ.എസ്.ആര്‍.ടി.സി.ക്ക് ഒരു ഡിപ്പോയോ ഓപ്പറേറ്റിങ് സെന്ററോ ഇല്ലാത്ത പെരിക്കല്ലൂരില്‍നിന്ന് 17 ദീര്‍ഘദൂര ബസ് സര്‍വീസുകള്‍വരെ നടത്തിയിരുന്നു. ഓരോ പുതിയ ബസുകളെത്തുമ്പോഴും നാട്ടുകാര്‍ സ്വീകരണത്തിനായി ഒത്തുകൂടും. ബസുകള്‍ വൃത്തിയാക്കാനും ബോര്‍ഡ് എഴുതാനും അലങ്കാരപ്പണികളൊരുക്കാനും നാട്ടുകാര്‍തന്നെ മുന്നില്‍ നില്‍ക്കും. കോവിഡിനുശേഷം സര്‍വീസുകള്‍ വെട്ടിക്കുറച്ചെങ്കിലും ഇപ്പോഴും 11 ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഇവിടെനിന്നുണ്ട്. കോട്ടയം, പാല, പൊന്‍കുന്നം, അടൂര്‍, ഇരിട്ടി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിലേക്കായി സൂപ്പര്‍ഡീലക്‌സ്, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, ടൗണ്‍ ടു ടൗണ്‍, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഇവിടെനിന്ന് സര്‍വീസ് നടത്തുന്നുണ്ട്.
യാഥാര്‍ഥ്യമാകാതെ ഓപ്പറേറ്റിങ് സെന്റര്‍
പെരിക്കല്ലൂര്‍ ഗ്രാമത്തിന്റെ പേര് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലുള്ളവര്‍ക്കും ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളാണ് ഈ കൊച്ചുഗ്രാമത്തിന്റെ പേര് പ്രശസ്തമാക്കിയത്. കെ.എസ്.ആര്‍.ടി.സി. ബസുകളെ ഇരുകൈകളും നീട്ടി സ്വീകരിച്ച പെരിക്കല്ലൂരിലെ സെയ്ന്റ് തോമസ് ഫൊറോന ദേവാലയമാണ് ഇവിടുത്തെ മറ്റൊരു ഹൈലൈറ്റ്. ഇവിടെ യാര്‍ഡ് പണിയുന്നതുവരെ, പെരിക്കല്ലൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളെല്ലാം നിര്‍ത്തിയിട്ടിരുന്നത് ഈ പള്ളിമുറ്റത്താണ്. ബസുകളിലെ ജീവനക്കാര്‍ക്ക് താമസിക്കാനും വിശ്രമിക്കാനും സൗജന്യമായി സൗകര്യമൊരുക്കിക്കൊടുത്തതും പള്ളിയുടെ കെട്ടിടത്തിലാണ്.
ബസുകളുടെ എണ്ണം കൂടിക്കൂടിവന്നതോടെ ഞായറാഴ്ച അടക്കമുള്ള വിശേഷദിവസങ്ങളില്‍ പള്ളിമുറ്റത്ത് നിന്നുതിരിയാന്‍ ഇടയില്ലാതായി. ഇതോടെയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ഓപ്പറേറ്റിങ് സെന്റര്‍ തുടങ്ങുന്നതിനായി പള്ളി സൗജന്യമായി ഒരേക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമെടുത്തത്. 2016-ല്‍ സെയ്ന്റ് തോമസ് ഇടവക പെരിക്കല്ലൂരില്‍ രണ്ടേക്കര്‍ സ്ഥലം പഞ്ചായത്തിന് നല്‍കി. ഒരേക്കര്‍ പഞ്ചായത്ത് വിലയ്ക്കുവാങ്ങിയപ്പോള്‍ ഒരേക്കര്‍ സ്ഥലം സൗജന്യമായി ഇടവക നല്‍കുകയായിരുന്നു. സ്ഥവും സൗകര്യവുമെല്ലാമുണ്ടായിട്ടും കുടിയേറ്റജനതയുടെ ചിരകാലാഭിലാഷമായിരുന്ന പെരിക്കല്ലൂരിലെ കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ് സെന്റര്‍ ഇനിയും യാഥാര്‍ഥ്യമായില്ല.
