ഇ.പി ജയരാജൻ

കണ്ണൂർ: ഇടതുമുന്നണി കൺവീനർ സ്ഥാനത്തോട് പൂർണമായും നീതി പുലർത്താനായോ എന്ന് തനിക്ക് സംശയമുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അം​ഗം ഇ.പി ജയരാജൻ. കിട്ടുന്ന പെൻഷനും വാങ്ങി ഒതുങ്ങി കഴിഞ്ഞാലെന്താ എന്ന ചിന്തയിലാണ് താനെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

എന്തിനാണ് ഈ ആക്ഷേപങ്ങൾ വരുത്തിവയ്ക്കുന്നത്. തനിക്ക് പെൻഷൻ വാങ്ങി ജീവിച്ചാൽ മതിയല്ലോ. അടിസ്ഥാനമുള്ള എന്തെങ്കിലും പ്രശ്രനങ്ങളുണ്ടെങ്കില്‍ തരക്കേടില്ല. ഒരു അടിസ്ഥാനവുമില്ലാത്ത വിഷയങ്ങളാണ് ഉയർന്നുവന്നത്. മാനസികമായി തന്റെ ഊര്‍ജം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പറ്റുന്നില്ല.

പൊതുരം​ഗത്ത് നിന്നും വിട്ടുനിൽക്കുന്നതിനെക്കുറിച്ചാണ് താൻ ചിന്തിക്കുന്നത്. ഇനി ഒരു പദ്ധതികളും തുടക്കംക്കുറിക്കാൻ താനില്ല. സമൂഹവുമായി ബന്ധമില്ലെങ്കിൽ ആക്ഷേപം ഇല്ലല്ലോ. ജനങ്ങളുടെ ഇടയിൽ നിന്ന് അം​ഗീകാരം വാങ്ങുന്നതാണല്ലോ പ്രശ്നമായി കാണുന്നത്. ആക്ഷേപങ്ങൾ ഉന്നയിച്ച് പൊതുസമൂഹത്തിന് മുന്നില്‍ നിലവാരം ഇടിച്ച് കാണിക്കാനുള്ള പ്രവണതകളാണ് നിലവിൽ നടക്കുന്നത്.

തനിക്കെതിരെ പാര്‍ട്ടിയില്‍ ചര്‍ച്ച വന്നതിന് പിന്നിലെ ഒട്ടനവധി കാര്യങ്ങള്‍ അറിയാം. ‘ഞാൻ അത് ഇപ്പോൾ പറയുന്നത് ശരിയല്ല. എനിക്ക് അറിയുന്ന കാര്യങ്ങളൊന്നും ഞാന്‍ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ഞാൻ എപ്പോഴും കാണുന്നത് എന്റെ പാർട്ടിയെയാണ്. ഞാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ എന്റെ പാര്‍ട്ടിക്ക് ഗുണമേ ഉണ്ടാക്കാവൂ. അതൊരിക്കലും ദോഷം വരുത്തരുതെന്ന് നിഷ്‌കര്‍ഷയുള്ള ആളാണ് ഞാന്‍. എന്നെ ഇന്ന് കാണുന്ന ഇ.പി. ജയരാജനാക്കിയത് പാർട്ടിയാണ്. ആ പാർട്ടിയെ ദുര്‍ഭലപ്പെടുത്തുന്ന ഒരു നടപടിയും ഞാന്‍ സ്വീകരിക്കില്ല’, ഇ.പി പറഞ്ഞു.