ബജാജ് ചേതക് ഇലക്ട്രിക് | Photo: Chetak.com

  • ആദ്യ വര്‍ഷം ചേതകിന്റെ 1587 യൂണിറ്റ് മാത്രമാണ് വിറ്റഴിച്ചത്. എന്നാല്‍, 2022 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 8187 യൂണിറ്റ് ആക്കി ഉയര്‍ത്താന്‍ ബജാജിന് സാധിച്ചിരുന്നു.

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വളര്‍ച്ചയില്‍ കൃത്യമായ പങ്കുവഹിച്ചിട്ടുള്ള മോഡലാണ് ബജാജ് ചേതക് ഇലക്ട്രിക്. ചേതക് എന്ന പേരിനോടുള്ള നൊസ്റ്റാള്‍ജിയയ്‌ക്കൊപ്പം മികച്ച ഡിസൈനിലും കാര്യക്ഷമമായ മെക്കാനിക്കല്‍ ഫീച്ചറുകളിലും എത്തിയ വാഹനത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍, ആദ്യഘട്ടത്തില്‍ ബെംഗളൂരു, പൂനെ പോലുള്ള നഗരത്തില്‍ മാത്രം വിപണി കണ്ടെത്തിയ ഈ വാഹനം സാവധാനമാണ് മറ്റ് നഗരങ്ങളിലേക്കും വില്‍പ്പന വ്യാപിപ്പിച്ചത്.

അവതരിപ്പിച്ച് ആദ്യ വര്‍ഷം ചേതകിന്റെ 1587 യൂണിറ്റ് മാത്രമാണ് വിറ്റഴിച്ചത്. എന്നാല്‍, 2022 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 8187 യൂണിറ്റ് ആക്കി ഉയര്‍ത്താന്‍ ബജാജിന് സാധിച്ചിരുന്നു. ആദ്യമുണ്ടായിരുന്ന ചുരുക്കം വിപണികളില്‍ നിന്ന് കൂടുതല്‍ മേഖലകളിലേക്ക് വില്‍പ്പന വ്യാപിപ്പിച്ചത് വില്‍പ്പന ഉയരാന്‍ സഹായിച്ചിരുന്നു. 2023 സാമ്പത്തിക വര്‍ഷം 31,485 യൂണിറ്റുകള്‍ വിറ്റഴിച്ച് 284 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ചയാണ് ചേതക്കിലൂടെ ബജാജ് സ്വന്തമാക്കിയത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചേതക്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് സ്വന്തമാക്കിയിരിക്കുന്നത്. 75,999 യൂണിറ്റ് ഈ കലയളവില്‍ വിറ്റഴിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ചേതക്കിന്റെ 1,17,208 യൂണിറ്റ് ഇന്ത്യയിലെ നിരത്തുകളില്‍ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും വലിയ നേട്ടമാണ് കമ്പനി ലക്ഷ്യമിടുന്നത്.

2024 ജനുവരിയില്‍ ഇതുവരെ 11,000 ബുക്കിങ്ങുകളാണ് ചേതക്കിന് ലഭിച്ചിരിക്കുന്നത്. 15,000 യൂണിറ്റിന്റെ വില്‍പ്പനയാണ് ബജാജിന്റെ ജനുവരിയിലെ വില്‍പ്പന ലക്ഷ്യം. പുതിയ വേരിയന്റുകളുടെ അവതരണം, ഭേദപ്പെട്ട പെര്‍ഫോമെന്‍സ്, നിര്‍മാതാക്കള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ വില്‍പ്പന ഉയരാന്‍ കരണമെന്നാണ് ബജാജിന്റെ വിലയിരുത്തല്‍. വിതരണത്തില്‍ നേരിട്ടിരുന്ന പോരായ്മകള്‍ പരിഹരിച്ചതും ഈ വാഹനത്തിന്റെ വില്‍പ്പനയ്ക്ക് കരുത്തേകുന്നുണ്ട്.

സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍ (എസ്.എം.ഇ.വി) പുറത്തുവിട്ട കണക്ക് അനുസരിച്ച് 2022-23-ല്‍ അഞ്ച് ശതമാനം ആയിരുന്നു ഇലക്ട്രിക് വാഹനവിപണിയില്‍ ബജാജിന്റെ ഓഹരി വിഹിതമെങ്കില്‍ 2023-ന്റെ അവസാനത്തോടെ ഇത് പത്ത് ശതമാനമായി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2024 മെയ് മാസത്തോടെ ചേതക്കില്‍ നാല് അപ്‌ഡേഷനുകള്‍ വരുത്താനുള്ള പദ്ധതിയിലാണ് നിർമാതാക്കൾ.

ഈ ജനുവരിയിലാണ് ഏറെ മാറ്റങ്ങളും പുതുമകളുമായി ചേതക് പ്രീമിയം വേരിയന്റ് ബജാജ് വിപണിയില്‍ എത്തിച്ചത്. 1.35 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അതായത് മുമ്പ് ഉണ്ടായിരുന്ന മോഡലിനെക്കാള്‍ 15,000 രൂപയുടെ വര്‍ധനവാണ് വിലയില്‍ വരുത്തിയിട്ടുള്ളത്. 3.2 കിലോവാട്ട് ശേഷിയുള്ള ബാറ്ററി നല്‍കിയതാണ് പ്രധാനമായും വരുത്തിയിട്ടുള്ള മാറ്റം. 127 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനം നല്‍കുന്നത്. 4.3 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാമെന്നതും സവിശേഷതയാണ്.