മന്ത്രി വി.ശിവൻകുട്ടി, മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധം ‘ഷോ’ എന്ന് വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. ഗവർണർ വല്ലാത്ത മാനസികാവസ്ഥയിലെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം ഗവർണറുടെ പ്രതിഷേധത്തെ കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രതികരണം ഒരു ചിരിയിലൊതുക്കി.
‘‘ഗവർണർക്ക് പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ പൊലീസ് നൽകുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അതുതന്നെയാണ് നൽകുന്നത്. ഞങ്ങളൊക്കെ പോകുമ്പോൾ ഒരുപാട് സ്ഥലങ്ങളിൽ പ്രതിഷേധം ഉണ്ടാകാറുണ്ട്. ഞങ്ങളൊന്നും ചാടി റോഡിൽ ഇരുന്നിട്ടില്ല. അദ്ദേഹത്തിന്റെ വല്ലാത്ത മാനസികാവസ്ഥയെ തുടർന്ന് ഷോ ആണ് നടത്തുന്നത്. ഗവർണർ കേരളത്തിനെതിരായ വികാരം ഉണ്ടാക്കാനാണ് നോക്കുന്നത്. ദേശീയ വാർത്തയാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
ഗവർണറുടേത് നാലാമത്തെ ഷോ ആണ്. തന്റെ പദവി പോലും നോക്കാതെയുള്ള പ്രകടനമാണ് നടത്തുന്നത്. കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം’’–മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് കാറിൽനിന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തിറങ്ങിയത്.കൊട്ടാരക്കര സദാനന്ദപുരത്തെ പരിപാടിക്കായി പോകുകയായിരുന്നു ഗവർണർ. കാറിൽനിന്നിറങ്ങിയ ഗവർണർ, ‘വരൂ’ എന്നു പറഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർക്കു നേരേ പാഞ്ഞടുത്തത്. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു.
സംസ്ഥാന പൊലീസ് മേധാവി ഗവര്‍ണറെ നേരിട്ട് ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ ഗവര്‍ണര്‍ തയാറായില്ല. എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ പ്രതിഷേധം തുടരുകയാണ്. റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിൽ കസേരിയിട്ടിരുന്നാണ് പ്രതിഷേധം.
