ഹൈദരാബാദ്: ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറിയുമായി ഇംഗ്ലണ്ട് താരം ഒലി പോപ്പ്. 125 റണ്‍സുമായി പോപ്പ് ക്രീസിലുണ്ട്. റെഹാന്‍ അഹമ്മദാണ് പോപ്പിനൊപ്പം ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നിലവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിനിപ്പോള്‍ 85 റണ്‍സിന്റെ ലീഡായി.

ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ ആദ്യം നഷ്ടമായത്. 31 റണ്‍സെടുത്ത താരത്തെ അശ്വിന്‍ രോഹിത്തിന്‌റെ കൈയിലെത്തിച്ചു. നിലയുറപ്പിച്ച ബെന്‍ ഡക്കറ്റിന്റെ ഊഴമായിരുന്നു അടുത്തത്. ഒലി പോപ്പിനൊപ്പം 68 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് പിന്നാലെ ബുംറ ഡക്കറ്റിന്റെ കുറ്റി തെറിപ്പിച്ചു. 52 പന്തില്‍ നിന്ന് 47 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിക്കും മുമ്പ് ജോ റൂട്ടിനെ (2) മടക്കി ബുംറയും ജോണി ബെയര്‍സ്‌റ്റോയെ (10) പുറത്താക്കി ജഡേജയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിനെ (6) മടക്കി അശ്വിനും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ഒലി പോപ്പ് – ഫോക്‌സ് സഖ്യം 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 81 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഫോക്‌സിനെ മടക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

നേരത്തേ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 436 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു. മൂന്നാം ദിനം 15 റണ്‍സിനിടെ ഇന്ത്യയുടെ ശേഷിച്ച് മൂന്ന് വിക്കറ്റുകളും വീണു. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യ സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 180 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 87 റണ്‍സെടുത്ത ജഡേജയായിരുന്നു ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. സെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്ന ജഡേജയക്ക് തലേ ദിവസത്തെ സ്‌കോറിലേക്ക് ആറു റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ജോ റൂട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ജഡേജ പുറത്തായത്. വിവാദമായ ഡിആര്‍എസ് തീരുമാനത്തിലായിരുന്നു ജഡേജയുടെ പുറത്താകല്‍. തൊട്ടടുത്ത പന്തില്‍ ജസ്പ്രീത് ബുംറയേയും (0) റൂട്ട് പുറത്താക്കി. 100 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിനെ മടക്കി റെഹാന്‍ അഹമ്മദ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

74 പന്തില്‍ നിന്ന് മൂന്ന് സിക്സും 10 ഫോറുമടക്കം 80 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍, 123 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 86 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍, 81 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ശ്രീകര്‍ ഭരത് എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.