തൃപ്പൂണിത്തുറയിൽ തലയോട്ടി കണ്ടെത്തിയപ്പോൾ,വീടുനിർമാണം നടക്കുന്ന സ്ഥലം.

കൊച്ചി∙ തൃപ്പൂണിത്തുറയിൽ വീടുനിർമാണം നടക്കുന്ന സ്ഥലത്ത് കണ്ടെത്തിയ തലയോട്ടിയുടെയും എല്ലിന്റെയും കുരുക്കഴിക്കാനുള്ള ശ്രമം നീളുന്നു. തലയോട്ടി കണ്ടെത്തിയ സ്ഥലത്തെ മണ്ണും മറ്റും പരിശോധനയ്ക്കായി അടുത്തയാഴ്ച തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. എവിടെനിന്നുള്ള മണ്ണാണ് സ്ഥലത്തെത്തിയതെന്നുള്ള കാര്യങ്ങളറിയാനാണിത്.

നേരത്തെ തലയോട്ടിയുടെയും ഇടുപ്പെല്ലിന്റെയും ശാസ്ത്രീയ പരിശോധന എറണാകുളം മെഡിക്കൽ കോളജില്‍ പൂർത്തിയായിരുന്നു. എന്നാൽ ഇതിന്റെ റിപ്പോർട്ട് സംബന്ധിച്ച് ഡോക്ടർമാർ തമ്മിൽ ചർച്ച നടത്തുകയാണെന്നും റിപ്പോർട്ടിന് അന്തിമ രൂപമായിട്ടില്ലെന്നുമാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരിച്ചത് സ്ത്രീയാണോ പുരുഷനാണോ, മരണ കാരണം, മരിച്ച സമയം തുടങ്ങിയവ അറിയാൻ സാധിക്കൂ. മരിച്ചത് പുരുഷനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീടുപണി നടക്കുന്ന കണ്ണൻകുളങ്ങരയിലെ പറമ്പിൽ കുഴിച്ചിട്ടതല്ല തലയോട്ടിയും എല്ലുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മറ്റു അവശിഷ്ടങ്ങളൊന്നും ഇവിടെനിന്ന് കിട്ടിയിട്ടില്ലെന്നതും 1960കള്‍ക്കുശേഷം ഇവിടെ ആരെയും സംസ്കരിച്ചിട്ടില്ല എന്നു സ്ഥലം വിറ്റയാള്‍ പറഞ്ഞതും ഇതാണു സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ എവിടെ നിന്നെങ്കിലും ഒഴുകി വന്നതാകാം തലയോട്ടിയും മറ്റും. പിന്നീട് പറമ്പിൽ ഇട്ട മണ്ണിനൊപ്പം ഇതും ഉൾപ്പെട്ടിരിക്കാമെന്നുമാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ഈ മണ്ണ് എവിടെ‌നിന്ന് കൊണ്ടുവന്നു തുടങ്ങിയ കാര്യങ്ങളിേലക്ക് അന്വേഷണം കടക്കേണ്ടി വരും.

തലയോട്ടി കണ്ടെത്തിയ പറമ്പ് മൂന്നു മാസം മുമ്പ് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു. അന്നു കണ്ടെത്താത്ത തലയോട്ടിയാണ് ഇപ്പോൾ കണ്ടെത്തിയത്. അതുകൊണ്ടു കൂടിയാണ് പുറത്തുനിന്നുള്ള മണ്ണിനൊപ്പം വന്നതാകാം എന്ന സംശയവും ഉയരുന്നത്.