ആന്റോയും മെർലിനും | facebook.com/anto9688

ചെന്നൈ: വീട്ടുജോലിക്കാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന കേസില്‍ ഡി.എം.കെ. എം.എല്‍.എയുടെ മകനും മരുമകളും അറസ്റ്റില്‍. പല്ലാവരം എം.എല്‍.എയായ ഐ. കരുണാനിധിയുടെ മകന്‍ ആന്റോ മതിവണ്ണന്‍, ആന്റോയുടെ ഭാര്യ മെര്‍ലിന എന്നിവരെയാണ് ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശില്‍നിന്നാണ് ദമ്പതിമാരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ദമ്പതിമാരുടെ ചെന്നൈയിലെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന 18-കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ആന്റോയും മെര്‍ലിനും നിരന്തരം മര്‍ദിച്ചിരുന്നതായും അസഭ്യം പറഞ്ഞിരുന്നതായുമാണ് പെണ്‍കുട്ടിയുടെ പരാതി. ഹെയര്‍ സ്ട്രൈറ്റ്നര്‍ ഉപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും സിഗരറ്റുകുറ്റി ദേഹത്ത് കുത്തി പരിക്കേല്‍പ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞിരുന്നു.

ആന്റോയുടെ വീട്ടില്‍നിന്ന് പൊങ്കല്‍ ആഘോഷത്തിനായി പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ട് വീട്ടുകാര്‍ പെണ്‍കുട്ടിയെ ഉളുന്തൂര്‍പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശരീരമാസകലം പരിക്കേറ്റ പാടുകൾ കണ്ട് ആശുപത്രി അധികൃതര്‍ തിരക്കിയതോടെയാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു.

കഴിഞ്ഞ ഏഴുമാസമായി എം.എല്‍.എയുടെ മകനും മരുമകളും നിരന്തരം ഉപദ്രവിക്കുകയാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. ചെറിയ കാരണങ്ങളുടെ പേരില്‍ നിരന്തരം തന്റെ മുഖത്തടിക്കുന്നത് പതിവായിരുന്നു. സിഗരറ്റ് കുറ്റി കൊണ്ടും പൊള്ളലേല്‍പ്പിച്ചു. ഒരിക്കല്‍ സമയത്തിന് ഭക്ഷണമുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഹെയര്‍ സ്ട്രൈറ്റ്നര്‍ ഉപയോഗിച്ച് കൈകളിലും പൊള്ളലേല്‍പ്പിച്ചു. ചെരിപ്പുകൊണ്ടും ചൂല് കൊണ്ടും നിരന്തരം മര്‍ദിച്ചു. മെര്‍ലിന ഒരിക്കല്‍ തന്റെ മുടി മുറിച്ചുമാറ്റിയതായും 18-കാരി ആരോപിച്ചു.

600-ല്‍ 433 മാര്‍ക്ക് നേടി പ്ലസ്ടു പൂര്‍ത്തിയാക്കിയ ദളിത് പെണ്‍കുട്ടി തുടര്‍പഠനത്തിന് പണം കണ്ടെത്താനായാണ് ചെന്നൈയില്‍ വീട്ടുജോലിക്ക് പോയത്. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന 18-കാരി ജോലിചെയ്ത് പണം സമ്പാദിച്ച ശേഷം നീറ്റ് പരിശീലനത്തിന് ചേരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, പ്രതിമാസം 16,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിട്ട് 5000 രൂപ മാത്രമാണ് എം.എല്‍.എ.യുടെ കുടുംബം ശമ്പളമായി നല്‍കിയതെന്നും പരാതിയുണ്ട്.

അതേസമയം, മകനും മരുമകള്‍ക്കും എതിരായ ആരോപണങ്ങള്‍ കരുണാനിധി നിഷേധിച്ചിരുന്നു. കുടുംബത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റു ചിലരാണെന്നും പെണ്‍കുട്ടിയെ നല്ലരീതിയിലാണ് കുടുംബം നോക്കിയതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.