അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധി. Photo: @bharatjodo / X
ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി. എഎപി എംഎൽഎ നരേഷ് ബല്യാൺ ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ രാഹുലിനെയും ഭാരത് ജോഡോ ന്യായ് യാത്രയെയും കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ഇതു വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോസ്റ്റ് എംഎൽഎ നീക്കം ചെയ്തു.
‘‘തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എതു തിരഞ്ഞെടുപ്പിന് വേണ്ടിയാണ് രാഹുൽ ഗാന്ധി ഇപ്പോൾ ഒരുങ്ങുന്നത്? 3024 ലെ തിരഞ്ഞെടുപ്പിന് വേണ്ടിയിട്ടാണോ? രാഹുൽ ഗാന്ധി നിലവിൽ നടത്തുന്നത് വിനോദയാത്രമാത്രമാണ്. ഇതിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എതെങ്കിലും തരത്തിലുള്ള നീക്കമായി കാണാനാകില്ല. ഈ യാത്രയിലൂടെ സ്‌നേഹത്തിന്റെ കട തുറക്കലല്ല, പ്രതിപക്ഷത്തിന്റെ അന്ത്യമാണ് സംഭവിക്കുന്നത്’’–എന്നായിരുന്നു പോസ്റ്റ്. ഇത് എക്സിൽ വലിയതോതിലുള്ള ചർച്ചകൾക്കാണ് തുടക്കമിട്ടത്.
ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ ജെഡിയുവും ആരോപണം ഉന്നയിച്ചിരുന്നു. യാത്ര നടത്തുന്നതിനായി തിരഞ്ഞെടുത്ത സമയം ശരിയല്ല. ഇന്ത്യ മുന്നണി ഒരുമിച്ചുനിന്നു സീറ്റ് വിഭജനവും സംയുക്തറാലിയും നടത്തേണ്ട സമയമാണെന്നാണ് ജെഡിയു ഉന്നയിച്ചത്.
