കോഴിക്കോട്ട് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചിത്രം: Special Arrangement
കോഴിക്കോട്∙ പൊതുമരാമത്ത്–ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട്ട് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിൽ. മാവൂരിലെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. മാവൂർ സ്വദേശി വിപിൻ ദാസന്റെ ഉടമസ്ഥതയിലുള്ളതാണു വാഹനം. പൊലീസ് നേരത്തെതന്നെ വാഹനം ആവശ്യപ്പെട്ടതായി വാഹന ഉടമ പറഞ്ഞു.
പൊലീസ് വാഹനത്തിലാണു സാധാരണ നിലയിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കേണ്ടത്. എ.ആർ. ക്യാംപ് ജീപ്പ് KL 01 AA 5020 എന്നതാണു സ്ഥിരമായി ഉപയോഗിക്കുന്ന വാഹനം. അതേസമയം പൊലീസിന്റെ പക്കൽ വാഹനം ഇല്ലായിരുന്നെന്ന വിശദീകരണവുമായി സിറ്റി പൊലീസ് കമ്മിഷണർ രംഗത്തെത്തി.
