വിദ്യാർഥികൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വെള്ളായണി കായലിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ.
തിരുവനന്തപുരം∙ വെള്ളായണി കായലിലെ വവ്വാമൂലയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. മുകുന്ദനുണ്ണി (19), ഫെർഡ് (19), ലിബിനോൺ (20) എന്നിവരാണു മരിച്ചത്. വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ വിദ്യാർഥികളാണു മരിച്ച മൂന്നുപേരും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിയോടെയാണു സംഭവം.
നാലംഗ സംഘമാണു കായലിൽ എത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങി. ഒരാൾ കരയിൽതന്നെ നിന്നു. സുഹൃത്തുക്കൾ ഒഴുക്കിൽപ്പെട്ടെന്നു മനസ്സിലായതോടെ കരയിലുണ്ടായിരുന്ന ആൾ പരിസരവാസികളെ വിളിച്ചുകൂട്ടി തിരച്ചിൽ നടത്തുകയായിരുന്നു. മൂന്നുപേരെയും ഉടൻ തന്നെ കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്‍മോർട്ടത്തിനായി മാറ്റും. കായലിൽനിന്നും മണ്ണെടുത്തതിനെ തുടർന്ന് ഇവിടെ വലിയ ആഴം രൂപപ്പെട്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു.
