ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്. രണ്ടാം ദിനം മൂന്നാം സെഷനില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെന്ന നിലയിലാണ്.
60 റണ്‍സെടുത്ത രവീന്ദ്ര ജഡേജയ്ക്കൊപ്പം ആര്‍. അശ്വിനാണ് ക്രീസില്‍. ഇന്ത്യയ്ക്കിപ്പോള്‍ 110 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. നേരത്തേ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങാരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. 74 പന്തില്‍ നിന്ന് മൂന്ന് സിക്സും 10 ഫോറുമടക്കം 80 റണ്‍സെടുത്ത താരത്തെ ജോ റൂട്ട് പുറത്താക്കുകയായിരുന്നു. ആദ്യ ദിനത്തില്‍ തകര്‍ത്തടിച്ച് മുന്നേറിയ ജയ്‌സ്വാളിന് രണ്ടാം ദിനത്തില്‍ നാല് പന്തില്‍ നിന്ന് നാല് റണ്‍സും മാത്രമാണ് ചേര്‍ക്കാനായത്.
മറ്റൊരു യുവതാരം ശുഭ്മാന്‍ ഗില്‍ വീണ്ടും നിരാശപ്പെടുത്തി. 66 പന്തുകള്‍ നേരിട്ട 23 റണ്‍സെടുത്ത ഗില്‍, ടോം ഹാര്‍ട്ട്‌ലിയുടെ പന്തില്‍ പുറത്താകുകയായിരുന്നു. പിന്നാലെ നാലാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ – ശ്രേയസ് അയ്യര്‍ സഖ്യം 64 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സ്‌കോര്‍ 200 കടത്തി. വിരാട് കോലിക്ക് പകരം ടീമിലെത്തിയ അയ്യര്‍ 63 പന്തുകള്‍ നേരിട്ട് 35 റണ്‍സെടുത്ത് പുറത്തായി.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രാഹുല്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രാഹുലിനെ മടക്കി ഹാര്‍ട്ട്‌ലി തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. 123 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 86 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.
പിന്നാലെ ആറാം വിക്കറ്റില്‍ ജഡേജ – ശ്രീകര്‍ ഭരത് സഖ്യം 68 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 350 കടന്നു. 81 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ഭരതിനെ മടക്കി ജോ റൂട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായിരുന്നു. ഹൈദരാബാദിലെ സ്പിന്‍ പിച്ചില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷര്‍ പട്ടേലും ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ നിരയെ എറിഞ്ഞിട്ടത്.
88 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സായിരുന്നു ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍.
