സുപ്രീം കോടതി (ഫയൽ ചിത്രം)

ന്യൂഡല്‍ഹി: പെന്‍ഷന്‍ നല്‍കുന്നതിന് അടിയന്തിരമായി കടമെടുക്കാന്‍ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്റെ ആവശ്യം അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രശ്‌നം ഇല്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ധനകാര്യ മാനേജ്മെന്റിലെ പരാജയം മറയ്ക്കാനാണ് കേരളം സ്യൂട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്രത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഇടക്കാല ഉത്തരവില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

ദേശീയ സാമ്പത്തിക ധനകാര്യ മാനേജ്മെന്റ് നയവുമായി ബന്ധപ്പെട്ട വിഷയമാണ് കേരളം സ്യൂട്ട് ഹര്‍ജിയില്‍ ഉന്നയിക്കുന്നത് എന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. നയത്തിന് അനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് എന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ധനകാര്യ മാനേജമെന്റില്‍ വലിയ വീഴ്ചയാണ്‌ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായതെന്ന്‌ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ഇത് മറയ്ക്കാനുള്ള ശ്രമം ആണ് കേരളം ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, അടിയന്തിരമായി കടമെടുക്കാന്‍ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന ആവശ്യം കേരളം ഇന്നും സുപ്രീം കോടതിയില്‍ ഉന്നയിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് അകം പ്രോവിഡന്റ് ഫണ്ടിലേക്ക് ഉള്‍പ്പടെ പണം അടയ്ക്കേണ്ടതുണ്ട്. ഇതിന് പുറമെ പെന്‍ഷന്‍ ഉള്‍പ്പടെ നല്‍കേണ്ടതുണ്ട്. അതിനാല്‍ അടിയന്തിരമായി ഇടക്കാല ഉത്തരവിനായി നല്‍കിയ അപേക്ഷ പരിഗണിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി ആദ്യ വാരം ബജറ്റ് അവതരിപ്പിക്കേണ്ടതാണെന്നും അതിന് ആവശ്യമായ പണത്തിന് കടം എടുക്കേണ്ടി വരുമെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബജറ്റും കടമെടുപ്പും തമ്മില്‍ ബന്ധമില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കേന്ദ്ര തീരുമാനത്തോട് 33 സംസ്ഥാനങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നാണ്‌ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കേരളത്തിന് പുറമെ മറ്റ് പല സംസ്ഥാനങ്ങളും ഇതേ പ്രതിസന്ധി നേരിടുന്നുവെന്ന് സിബല്‍ മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് പുറമെ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാല കൃഷ്ണ കുറിപ്പ്, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി എന്നിവരും ഹാജരായി.

അറ്റോര്‍ണി ജനറല്‍ എത്തിയത് കുറിപ്പുമായി; മറുപടി രേഖാമൂലം എഴുതി നല്‍കണമെന്ന് സുപ്രീം കോടതി

അടിയന്തിരമായി കടമെടുക്കാന്‍ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിന് കൈമാറാന്‍ കുറിപ്പുമായാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ എത്തിയത്. വിഷയത്തിന്റെ പശ്ചാത്തലം കോടതിക്ക് മനസിലാക്കാന്‍ എന്ന ആമുഖത്തോടെ ഈ കുറിപ്പ് ജസ്റ്റിസുമാരായ സൂര്യ കാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് കൈമാറാന്‍ അറ്റോര്‍ണി ജനറല്‍ ശ്രമിച്ചു.

എന്നാല്‍ കേരളത്തിന്റെ ആവശ്യം തള്ളണമെങ്കില്‍പോലും തങ്ങള്‍ക്ക് രേഖാമൂലമായ മറുപടി വേണമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ മറുപടി എഴുതി നല്‍കാന്‍ സുപ്രീം കോടതി അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് കുറിപ്പ് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിക്ക് കൈമാറിയില്ല. ഫെബ്രുവരി 13-ന് കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.