ന്യൂഡൽഹി/ തിരുവനന്തപുരം ∙ 75–ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡ് പുരോഗമിക്കുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവൽ മക്രോയും പ്രധാനമന്ത്രി മോദിയും കർത്തവ്യപഥിൽ സന്നിഹിതരാണ്. യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിൽ എത്തിയത്. പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി. ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരന്നു. പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതാണ് ബിഎസ്എഫ് സംഘം. ഡൽഹി പൊലീസ് സംഘത്തെ മലയാളിയും നോർത്ത് ഡൽഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതൻ നയിച്ചു. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണുള്ളത്. ശ്രീരാമനുമായി ബന്ധപ്പെട്ട ഫ്ലോട്ട് ആണ് യുപി അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ നടക്കുന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം. ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രിയും വേദിയിൽ സന്നിഹിതനായി.

  • ബിഎസ്എഫിന്റെ ക്യാമൽ കണ്ടിൻജെന്റ് റിപ്പബ്ലിക് ദിന പരേഡിൽ കടന്നുപോകുന്നു. ഡെപ്യൂട്ടി കമാൻഡർ മനോഹർ സിങ് ഖീചെ ആണ് സംഘത്തെ നയിച്ചത്.
  • നാരീശക്തി വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്. വിവിധ സേനാവിഭാഗങ്ങളിലെ വനിതകൾ പരേഡിൽ അണിനിരന്നു. ഇത്തവണത്തെ പരേഡിൽ 80 ശതമാനവും വനിതകളാണ്.
  • 262 ഫീൽഡ് റെജിമെന്റിലെ ലെഫ്റ്റനന്റ് പ്രിയങ്ക സേവ്ദയുടെ നേതൃത്വത്തിൽ പിനാക്ക റോക്കറ്റ് ലോഞ്ചർ പരേഡിൽ അണിനിരന്നു. രാഷ്ട്രപതി ദ്രൗപതി മുർമു സല്യൂട്ട് സ്വീകരിച്ചു.
  • റിപ്പബ്ലിക് ദിന പരേഡിൽ 90 അംഗ ഫ്രഞ്ച് സേനാ സംഘം അണിനിരന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോയും സല്യൂട്ട് ഏറ്റുവാങ്ങി.
  • ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിലെ വനിതാ സൈനിക ഉദ്യോഗസ്ഥർ പരേഡിൽ കടന്നുപോകുന്നു. മേജർ സൃഷ്ടി ഖല്ലൂരാണ് മാർച്ച് പാസ്റ്റ് നയിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു സല്യൂട്ട് സ്വീകരിച്ചു.
  • കരസേനയുടെ അത്യാധുനിക ടി 90 ടാങ്ക് പരേഡിൽ കടന്നുപോകുന്നു. ലെഫ്റ്റനന്റ് ഫയാസ് സിങ് ദിലോണിൽനിന്ന് രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു.
  • കുതിരപ്പടയാളികളുടെ മാർച്ച് പാസ്റ്റ് പുരോഗമിക്കുന്നു. മേജർ യശ്ദീപ് അഹ്‌ലാവത് ആണ് മാർച്ച് നയിക്കുന്നത്. രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു.
  • പരംവീര ചക്ര, അശോക ചക്ര എന്നിവയുൾപ്പെടെയുള്ള സൈനിക ബഹുമതികള്‍ നേടിയവർ രാഷ്ട്രപതിക്ക് അഭിവാദ്യമർപ്പിക്കുന്നു.

രാഷ്ട്രപതി ദ്രൗപതി മുർമു, റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ എന്നിവർ ആറ് കുതിരയെ പൂട്ടിയ വാഹനത്തിൽ. കർത്തവ്യപഥിലേക്ക് എത്തുന്നു (Screengrab: YouTube/ NarendraModi)

പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തിൽ സല്യൂട്ട് സ്വീകരിക്കുന്നു (Screengrab: YouTube/ NarendraModi)

രാഷ്ട്രപതി ദ്രൗപതി മുർമു, റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ ക്രോ എന്നിവർ ആറ് കുതിരയെ പൂട്ടിയ വാഹനത്തിൽ കർത്തവ്യപഥിലേക്ക് പോകുന്നു (Screengrab: YouTube/ NarendraModi)

രാഷ്ട്രപതി ദ്രൗപതി മുർമു, റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ എന്നിവർ രാഷ്ട്രപതി ഭവനുമുന്നിൽ (Screengrab: YouTube/ NarendraModi)

കരസേനയുടെ അത്യാധുനിക ടി 90 ടാങ്ക് റിപ്പബ്ലിക് ദിന പരേഡിൽ കടന്നുപോകുന്നു. (Screengrab: YouTube/ NarendraModi)

വ്യോമസേയുടെ ഹെലികോപ്റ്ററുകൾ റിപ്പബ്ലിക് ദിന പരേഡിൽ (Screengrab: YouTube/ NarendraModi)