വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആർ. അശ്വിൻ. Photo: FB@IndianCricketTeam

ഹൈദരാബാദ്∙ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ സ്പിന്നർമാർപിടിമുറുക്കുന്നു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, 45 ഓവറുകൾ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (33 പന്തിൽ 10), റെഹാൻ അഹമ്മദ് (ഏഴു പന്തിൽ മൂന്ന്) എന്നിവരാണു ക്രീസിൽ.

സാക് ക്രൗലി (40 പന്തിൽ 20), ബെൻ ഡക്കറ്റ് (39 പന്തിൽ 35), ഒലി പോപ് (11 പന്തിൽ ഒന്ന്), ജോ റൂട്ട് (60 പന്തിൽ 29), ജോണി ബെയര്‍സ്റ്റോ (58 പന്തിൽ 37), ബെന്‍ ഫോക്സ് (24 പന്തിൽ നാല്) എന്നിവരാണ് ആദ്യ സെഷനിൽ പുറത്തായ ഇംഗ്ലിഷ് ബാറ്റർമാര്‍. ഇന്ത്യന്‍ സ്പിന്നർമാരാണു അഞ്ച് വിക്കറ്റുകളും വീഴ്ത്തിയത്. സ്കോർ 55ല്‍ നിൽക്കെ ബെൻ ഡക്കറ്റിനെ ആര്‍. അശ്വിൻ എൽബിഡബ്ല്യു ആക്കി. തൊട്ടുപിന്നാലെയെത്തിയ ഒലി പോപ്പിന് നിലയുറപ്പിക്കാനായില്ല. രവീന്ദ്ര ജഡേജയുടെ പന്തിൽ ക്യാപ്റ്റന്‍ രോഹിത് ശർമ ക്യാച്ചെടുത്താണു താരം പുറത്തായത്. 16–ാം ഓവറിൽ ക്രൗലിയെ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ച് അശ്വിൻ രണ്ടാം വിക്കറ്റു സ്വന്തമാക്കി.

റൂട്ടും ജോണി ബെയർസ്റ്റോയും പൊരുതി നോക്കിയെങ്കിലും പ്രതിരോധം അധികനേരം നീണ്ടില്ല. സ്കോർ 121 ൽ നിൽക്കെ ബെയർസ്റ്റോയെ അക്ഷർ പട്ടേൽ ബോൾഡാക്കി. തൊട്ടുപിന്നാലെ രവീന്ദ്ര ജഡേജയുടെ പന്തിൽ റൂട്ടും മടങ്ങി. മൂന്ന് സ്പിന്നർമാരുമായാണ് ഹൈദരാബാദിൽ ഇന്ത്യ കളിക്കാനിറങ്ങുന്നത്. ആർ. അശ്വിൻ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തി.

ഹോം ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യയുടെ അജയ്യ കുതിപ്പിന് അടിത്തറ പാകിയത് സ്പിൻ കരുത്താണെങ്കിൽ ബാസ്ബോൾ ശൈലിയിലൂടെ ടെസ്റ്റ് ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റിയെഴുതിയാണ് ഇംഗ്ലണ്ട് വരുന്നത്. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ദക്ഷിണാഫ്രിക്കയിലും പയറ്റിത്തെളിഞ്ഞ ബാസ്ബോളിന് ഏറ്റവും വലിയ പരീക്ഷണം നേരിടാൻ പോകുന്നത് ഇന്ത്യൻ പിച്ചുകളിലായിരിക്കും.

ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകർ ഭരത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– സാക് ക്രൗലി, ബെൻ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്‍ലി, മാർക് വുഡ്, ജാക് ലീഷ്.