പൾസർ സുനി | ഫയൽചിത്രം | ജീവൻ ടിവി ന്യൂസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം പൂർത്തിയായിട്ടും നടപടിയെടുക്കാത്തതിൽ അതിജീവിത സുപ്രീം കോടതിയിലേക്ക്. അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണം പൂർത്തിയായി ഇരുപത് ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ടിന്റെ പകർപ്പു നൽകിയിട്ടില്ലെന്നും തുടർനടപടി എന്താണെന്ന് അറിയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിരുന്നു. ഇതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിതയുടെ ഹർജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയോട് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കിൽ പോലീസ് സഹായവും മറ്റുസംവിധാനങ്ങളും ഉപയോഗിക്കാമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാൽ, അത്തരത്തിൽ മറ്റു സഹായങ്ങളൊന്നും അന്വേഷണ സംഘം തേടിയിരുന്നില്ല. പരിശോധന നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു. റിപ്പോർട്ടിന്റെ പകർപ്പുവേണമെന്നും കണ്ടെത്തൽ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, കോൺഫിഡൻഷ്യൽ റിപ്പോർട്ട് ആണ് ഇത് എന്നായിരുന്നു കോടതിയുടെ നിലപാട്.

ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്താണെന്നോ ആരൊക്കെ കുറ്റക്കാരെന്നോ വ്യക്തമല്ല. കേസെടുത്ത് മറ്റു നടപടിക്രമങ്ങളിലേക്കും കടന്നിട്ടില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് അനുസരിച്ച് നടപടിയെടുക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.