പത്മജ വേണുഗോപാൽ.

തൃശൂര്‍∙ ത്രികോണ മത്സരമാണു തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നടക്കുകയെന്നു കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. സ്ഥാനാർഥികളായി പറഞ്ഞുകേൾക്കുന്ന മൂന്നു പേരും ശക്തരാണെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണു മത്സരമെന്നായിരുന്നു സിറ്റിങ് എംപി ടി.എന്‍.പ്രതാപന്റെ നിലപാട്.

‘‘തൃശൂരിൽ പറഞ്ഞു കേൾക്കുന്ന മൂന്നു സ്ഥാനാർഥികളും ശക്തരാണ്. നല്ല ഫൈറ്റുണ്ടാകുമെന്ന് ഉറപ്പുണ്ട്. അങ്ങനെ ഫൈറ്റുള്ളതു രസമല്ലേ. ജനങ്ങൾ ഏറ്റവും കൂടുതൽ വോട്ട് ചെയ്യുന്നവർ വിജയിക്കും. കോൺഗ്രസ് സ്ഥാനാർഥി ആരാണെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ല. സ്ഥാനാർഥിയെ അറിഞ്ഞാൽ ആരാണു ജയിക്കുകയെന്നു പറയാനാവും. സ്ഥാനാർഥി ആരെന്നതു പ്രധാനപ്പെട്ട വിജയ ഘടകമാണ്.’’– പത്മജ മാധ്യമങ്ങളോടു പറഞ്ഞു.

തൃശൂരിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണു മത്സരമെന്നാണു പ്രതാപൻ പറഞ്ഞത്. ബിജെപി മൂന്നാം സ്ഥാനത്തുതന്നെ തുടരും. പാർലമെന്റിൽ ബിജെപിയുടെ ഏറ്റവും വലിയ ശത്രു താനാണ്. ഇടതുപക്ഷത്തിനു തൃശൂരിൽ നല്ല അടിത്തറയുണ്ടെന്നും മതം കൊണ്ടും വർഗീയത കൊണ്ടും മണ്ഡലത്തെ വിഭജിക്കാൻ കഴിയില്ലെന്നും പ്രതാപൻ പറഞ്ഞിരുന്നു.