മാരുതി സുസുക്കി ഫ്രോങ്ങ്‌സ് | Photo: Maruti Suzuki
മാരുതി സുസുക്കിയെ സംബന്ധിച്ച് വിജയ വര്‍ഷമായിരുന്നു 2023. ജിമ്‌നി, ഇന്‍വിക്ടോ, ഫ്രോങ്‌സ് തുടങ്ങിയ മികച്ച വാഹനങ്ങളാണ് മാരുതി ഇന്ത്യന്‍ വിപണിക്ക് സമ്മാനിച്ചത്. ഇതില്‍ കോംപാക്ട് ക്രോസ് ഓവര്‍ ശ്രേണിയില്‍ എത്തിച്ച ഫ്രോങ്‌സ് എന്ന മോഡലാണ് ഇപ്പോള്‍ റെക്കോഡ് നേട്ടത്തില്‍ നില്‍ക്കുന്നത്. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുകയും ഏപ്രില്‍ മാസത്തോടെ നിരത്തുകളില്‍ എത്തുകയും ചെയ്ത് ഈ വാഹനം ഒരുവര്‍ഷം തികയും മുമ്പ് വില്‍പ്പനയിലെ ആദ്യ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ്.
വില്‍പ്പന ആരംഭിച്ച് 10 മാസത്തിനുള്ളില്‍ ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണ് ഈ വാഹനം നേടിയിരിക്കുന്നത്. കോംപാക്ട് ക്രോസ് ഓവര്‍ ശ്രേണിയില്‍ വേറെ ഒരു മോഡലിനും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടമാണ് ഫ്രോങ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഫ്രോങ്‌സിന്റെ ഓട്ടോമാറ്റിക് മോഡലിനാണ് ഉയര്‍ന്ന ഡിമാന്റ്. മൊത്തവില്‍പ്പനയുടെ 24 ശതമാനം ഓട്ടോമാറ്റിക്കാണെന്നാണ് കണക്ക്. ഈ ഒരുലക്ഷത്തില്‍ 9000 യൂണിറ്റ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തവയാണ്.
1.0 ലിറ്റര്‍ ടര്‍ബോ മോഡലിന്റെ മാനുവല്‍ പതിപ്പിന് 9.72 ലക്ഷം രൂപ മുതല്‍ 11.63 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. നാല് വേരിയന്റുകളിലാണ് മാനുവല്‍ എത്തുന്നത്. മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് 12.05 ലക്ഷം രൂപ മുതല്‍ 13.13 ലക്ഷം രൂപ വരെയുമാണ് വില. 1.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പിലെ മാനുവല്‍ മോഡലിന് 7.46 ലക്ഷം രൂപ മുതല്‍ 8.72 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പ് 8.87 ലക്ഷം രൂപ മുതല്‍ 9.27 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
മാരുതിയുടെ മിഡ് സൈസ് എസ്.യു.വിയായ ഗ്രാന്റ് വിത്താരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനില്‍ ഒരുങ്ങിയ വാഹനമാണ് ഫ്രോങ്സ് എന്ന ക്രോസ് ഓവര്‍. ഗ്രില്ല്, ഗ്രില്ലില്‍ നല്‍കിയ ക്രോമിയം സ്ട്രിപ്പിന് ചേര്‍ന്ന് നില്‍ക്കുന്ന ഡി.ആര്‍.എല്‍, ബോണറ്റ് എന്നിവ ഗ്രാന്റ് വിത്താരയില്‍ നിന്ന് കടം കൊണ്ടതാണ്. മൂന്ന് ലൈറ്റുകള്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍ മാരുതിയില്‍ പുതുമയാണ്. ബമ്പറിന്റെ ഉള്‍പ്പെടെയുള്ള ഡിസൈന്‍ മാരുതിയുടെ മറ്റ് വാഹനങ്ങള്‍ കണ്ടിട്ടുള്ളതിന് സമാനമാണ്.
ഇന്റീരിയറിനെ ഫീച്ചര്‍ സമ്പന്നമാക്കുന്നതില്‍ മാരുതി പരമാവധി ശ്രമിച്ചിട്ടുണ്ട്. ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം എന്നിവ അകത്തളത്തിലെ ഹൈലൈറ്റാണ്. ഇതിനൊപ്പം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗ് തുടങ്ങിയവയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. അഞ്ച് പേര്‍ക്ക് യാത്രയൊരുക്കുന്ന വിശാലമായ സീറ്റുകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സംവിധാത്തിനൊപ്പം 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വി.വി.ടി. പെട്രോള്‍ എന്‍ജിന്‍ 89.7 പി.എസ്. പവറും 113 എന്‍.എം ടോര്‍ക്കുമാണ് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എ.ജി.എസ് എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ 100 പി.എസ്. പവറും 147.6 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്.
