ഗവർണറെ മുഖ്യമന്ത്രി പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു. ചിത്രം: പിആർഡി
തിരുവനന്തപുരം∙ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ നാടകീയ നിമിഷങ്ങൾ. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച ഗവർണർ, ഒരു മിനിറ്റും 17 സെക്കൻഡും കൊണ്ട് പ്രസംഗം അവസാനിപ്പിച്ചു മടങ്ങി. ഇതിനു പിന്നാലെ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. രാഷ്ട്രത്തെ നിലനിർത്തിയത് സഹകരണ ഫെഡറലിസമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഖണ്ഡികയാണ് ഗവർണർ വായിച്ചത്. അതിനു ശോഷണം സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു.
സംസ്ഥാന സർക്കാരുമായി വിവിധ വിഷയങ്ങളിൽ ഇടഞ്ഞുനിൽക്കുന്ന ഗവർണർ, വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രത്യക്ഷമായ സൂചന നൽകിയാണ് നിയമസഭയിൽനിന്ന് മടങ്ങിയത്. പ്രസംഗത്തിനിടെ ‘എന്റെ സർക്കാർ’ എന്നു പറയാൻ അദ്ദേഹം കൂട്ടാക്കിയില്ല.അതേസമയം, ഒരു ഖണ്ഡിക മാത്രമേ വായിച്ചുള്ളൂവെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിൽ നിയമപ്രശ്നമില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. ഒരു വരി മാത്രം വായിച്ചാൽ പോലും പ്രസംഗത്തിന് സാധുതയുണ്ടെന്നാണ് അറിയിപ്പ്. അതേസമയം, ഗവർണറുടെ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.
ഈ സഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനകരം എന്നു പറഞ്ഞാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. അവസാന ഖണ്ഡിക മാത്രമാണ് വായിക്കുന്നത് എന്നും ഗവര്‍ണര്‍ ആദ്യമേ അറിയിച്ചു. അതേസമയം, ഗവർണറുടെ അസാധാരണ നടപടിയിൽ സ്പീക്കർ അമ്പരപ്പ് പ്രകടിപ്പിച്ചു. രാജ്ഭവനിൽ നിന്ന് നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് സ്വീകരിച്ചത്. നിയമസഭയിൽ ഗവർണർ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നു വായിച്ചത്.

ഗവർണറെ മുഖ്യമന്ത്രിയും സ്‌പീക്കറും ചേർന്ന് സ്വീകരിക്കുന്നു.

ഗവർണർ നിയമസഭയിൽ.

ഗവർണറെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ.ഷംസീറും. മന്ത്രി കെ.രാധാകൃഷ്ണൻ സമീപം.

ഗവർണർ നിയമസഭയിൽ.
